''ടീച്ചര്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. 35-കാരിയായ ജാക്വിലിന്‍ മാ എന്ന അധ്യാപികയാണ് കൗമാരക്കാരായ സ്വന്തം വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.
2022-ലാണ് ജാക്വിലിന്‍ മായെ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ കൗണ്ടി, 'ടീച്ചര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നല്‍കി ആദരിച്ചത്. 2023-ല്‍, കൗമാരക്കാരായ സ്വന്തം വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാക്വിലിന്‍ മായെ പൊലീസ് അറസ്റ്റ് ചെയ്തു.
11-ഉം 12-ഉം വയസുള്ള കൗമാരക്കാരായ വിദ്യാര്‍ത്ഥികളുമായി ടീച്ചര്‍ക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായ വാര്‍ത്തയും പുറത്തുവന്നു. 13കാരനായ തങ്ങളുടെ മകനുമായി ടീച്ചര്‍ക്കുള്ള ബന്ധത്തെ കുറിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലാകുമ്പോള്‍, അവരുടെ വാലറ്റില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട കുട്ടിയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
ക്ലാസ് മുറിയില്‍ നിന്ന് പ്രണയലേഖനങ്ങള്‍ കണ്ടെത്തയതായും ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഡ്രൂ ഹാര്‍ട്ട് മുമ്പ് പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുകയും അശ്ലീല വീഡിയോകള്‍ തിരികെ അയയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കോടതിയില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് വിവരം.