പലസ്തീന്‍ പ്രദേശത്തെ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡിനിടെ എട്ട് മാസം ഗര്‍ഭിണിയായ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം. ക്യാമ്പിലെ ഒരു പലസ്തീന്‍ കുടുംബത്തിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയും ഗര്‍ഭിണിയായ സോണ്ടോസ് ജമാല്‍ മുഹമ്മദ് ഷലാബി കൊല്ലപ്പെടുകയും അവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞതിനാല്‍ 23 വയസ്സുള്ള സ്ത്രീയുടെ ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് മന്ത്രാലയം അറിയിച്ചു. റഹാഫ് ഫൗദ് അബ്ദുല്ല അല്‍-അഷ്‌കര്‍ എന്ന 21 കാരിയെയും ഇസ്രായേല്‍ സൈന്യം വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയതായി മന്ത്രാലയം പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെം മേഖലയിലെ ക്യാമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയതായും, ഭാരമേറിയ യന്ത്രങ്ങളും ബുള്‍ഡോസറുകളും വിന്യസിച്ചതായും, താഴ്ന്ന ഉയരത്തില്‍ നിരീക്ഷണ വിമാനങ്ങള്‍ പറന്നപ്പോള്‍ ഡസന്‍ കണക്കിന് വീടുകള്‍ റെയ്ഡ് ചെയ്തതായും പലസ്തീനിലെ വഫ വാര്‍ത്താ ഏജന്‍സി അറിയിച്ചു.