കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്ക് പച്ചക്കൊടി വീശിയതോടെ ലക്ഷക്കണക്കിന് താമസക്കാരില്‍ നിന്നും വന്‍തോതില്‍ നികുതി പിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ലോക്കല്‍ അധികൃതര്‍. ബജറ്റില്‍ നേരിടുന്ന ശോഷണം ഏത് വിധേനയും പരിഹരിക്കാന്‍ പറ്റാവുന്ന വഴികളെല്ലാം ഇവര്‍ തിരയുന്നു. ഇതിനിടയിലാണ് പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി വരുന്നത്.
ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസുകളിലൂടെ കൂടുതല്‍ പണം വാരാനാണ് കൗണ്‍സിലുകളുടെ നീക്കം. ബജറ്റിലെ കുറവുകള്‍ ഈ വിധം പരിഹരിക്കാമെന്നാണ് കൗണ്‍സിലുകളുടെ മോഹം. 20 ശതമാനം കൗണ്‍സിലുകള്‍ തങ്ങളുടെ കാര്‍ പാര്‍ക്കുകളിലും, സ്ട്രീറ്റ് ബേകളിലും പാര്‍ക്കിംഗ് ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 294 ശതമാനം വരെ നിരക്ക് ഉയര്‍ത്താനാണ് നീക്കം.
ഇംഗ്ലണ്ടിലെ മിക്ക ലോക്കല്‍ അതോറിറ്റികളും കൗണ്‍സില്‍ ടാക്‌സ് 4.99 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആറ് കൗണ്‍സിലുകള്‍ക്ക് പരിധിക്ക് മുകളില്‍ നികുതി ഉയര്‍ത്താനും അനുമതി ലഭിച്ചിട്ടുണ്ട്. നിരക്ക് ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കൗണ്‍സില്‍ നേതാക്കളുടെ വാദം. എന്നാല്‍ കുടുംബങ്ങള്‍ക്കും, ബിസിനസ്സുകള്‍ക്കും ഇത് തിരിച്ചടി നല്‍കും.
ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ ഭരിക്കുന്ന കൗണ്‍സിലുകളിലാണ് പ്രധാനമായും ഈ നീക്കം. 500,000 താമസക്കാരുള്ള ലിവര്‍പൂളില്‍ അടുത്ത ഓണ്‍ സ്ട്രീറ്റ് കാര്‍ പാര്‍ക്കിംഗില്‍ 60 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് കൗണ്‍സില്‍ നേതാക്കള്‍ വ്യക്തമാക്കി. നാല് മണിക്കൂര്‍ സിറ്റി സെന്റര്‍ ബേയില്‍ കിടന്നാല്‍ 9.60 പൗണ്ട് ചെലവാണ് നേരിടുക. കാര്‍ഡിഫില്‍ റസിഡന്‍ഷ്യല്‍ പാര്‍ക്കിംഗ് ഫസ്റ്റ് പെര്‍മിറ്റുകള്‍ക്ക് 35 പൗണ്ടും, രണ്ടാമത്തെ പെര്‍മിറ്റിന് 120 പൗണ്ടുമാണ് ഇനി ഈടാക്കുക.