ഗാസയിലെ ഒരു വൃദ്ധനായ പലസ്തീന്‍കാരന്റെ കഴുത്തില്‍ ഇസ്രായേല്‍ സൈന്യം സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച് മനുഷ്യകവചമായി ഉപയോഗിച്ചതിന് ശേഷം അയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായി ഇസ്രായേലി വാര്‍ത്താ വെബ്സൈറ്റായ ഹാമാകോം നടത്തിയ അന്വേഷണത്തില്‍ പറയുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 80 വയസ്സിനു മുകളില്‍ പ്രായമുള്ളതായി കരുതപ്പെടുന്ന പലസ്തീന്‍കാരനോട്, തിരച്ചില്‍ നടത്തിയില്ലെങ്കില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിപ്പിക്കുകയും ''തല പൊട്ടിച്ച് കളയുകയും ചെയ്യും'' എന്ന് ഇസ്രായേല്‍ സൈന്യം ഭീഷണിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഗാസ സിറ്റിയിലെ സെയ്തൂണ്‍ പരിസരത്തുള്ള 80 വയസ്സ് പ്രായമുള്ള പലസ്തീന്‍ ദമ്പതികളുടെ വീടിന് സമീപം നിരവധി വ്യത്യസ്ത ബ്രിഗേഡുകളില്‍ നിന്നുള്ള ഇസ്രായേലി സൈനികര്‍ തടിച്ചുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് ഹാമാകോം റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത്, ഹമാസുമായും മറ്റ് പലസ്തീന്‍ പ്രസ്ഥാനങ്ങളുമായും തീവ്രമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഇസ്രായേല്‍ സൈന്യം ആ പ്രദേശത്ത് അവരുടെ മൂന്നാമത്തെ കര ആക്രമണം നടത്തിയിരുന്നു.
നഹല്‍ ബ്രിഗേഡ്, കാര്‍മെലി ബ്രിഗേഡ്, മള്‍ട്ടിഡൈമന്‍ഷണല്‍ യൂണിറ്റ് എന്നിവ ചേര്‍ന്ന്, നടക്കാന്‍ വടി ഉപയോഗിച്ചിരുന്ന വൃദ്ധനായ പലസ്തീന്‍കാരനെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ തീരുമാനിച്ചതായി ഹാമാകോം പറഞ്ഞു. പലസ്തീന്‍കാരന്റെ കഴുത്തില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചതിനുശേഷം, ''നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പോയില്ലെങ്കില്‍, അയാള്‍ എന്തെങ്കിലും തെറ്റ് ചെയ്താലും ഇല്ലെങ്കിലും, അയാളുടെ പിന്നിലുള്ളയാള്‍ കയര്‍ വലിക്കുമെന്നും അയാളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെടുമെന്നും'' അയാളോട് പറഞ്ഞതായി ഒരു ഇസ്രായേലി സൈനികന്‍ ഹാമാകോമിനോട് പറഞ്ഞു.
''80 വയസ്സുള്ള ആളാണെങ്കിലും ഞങ്ങളില്‍ നിന്ന് ഓടിപ്പോകാന്‍ കഴിയാത്ത ആളാണെങ്കിലും, അങ്ങനെയാണ് അദ്ദേഹം എട്ട് മണിക്കൂര്‍ ഞങ്ങളോടൊപ്പം നടന്നത്. ഏത് നിമിഷവും കയര്‍ വലിക്കാന്‍ കഴിയുന്ന ഒരു പട്ടാളക്കാരന്‍ തന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞു കൊണ്ട് അദ്ദേഹം അത് പൂര്‍ത്തിയാക്കി.'' സൈനികന്‍ കൂട്ടിച്ചേര്‍ത്തു. ഹമാകോമിന്റെ അഭിപ്രായത്തില്‍, ഹമാസ് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന വീടുകളിലും തുരങ്കത്തിലും വൃദ്ധനായ ഫലസ്തീനിയെ നിര്‍ബന്ധിച്ച് കയറ്റിയ ശേഷം, സൈനികര്‍ അദ്ദേഹത്തോടും ഭാര്യയോടും പ്രദേശം വിട്ട് അല്‍-മവാസിയിലേക്ക് പോകാന്‍ ഉത്തരവിട്ടു. അന്ന് ആ ചെറിയ പ്രദേശം വെറും ഒരു കിലോമീറ്റര്‍ വീതിയുള്ളതും ലക്ഷക്കണക്കിന് പലസ്തീനികളെ പാര്‍പ്പിച്ചിരുന്നതുമായിരുന്നു.
എന്നാല്‍, ദമ്പതികളെ പോകാന്‍ അനുവദിച്ചതിന് 100 മീറ്ററിനുള്ളില്‍ ഇരുവരെയും വെടിവച്ചു കൊന്നുവെന്നും ഹാമാകോം പറഞ്ഞു. ''അവര്‍ അങ്ങനെയാണ് തെരുവില്‍ മരിച്ചത്.'' മറ്റൊരു സൈനികന്‍ ഹാമാകോമിനോട് പറഞ്ഞു