'ഛാവ' ഹിറ്റടിച്ച് തിയേറ്ററില്‍ മുന്നേറുമ്പോഴും നടി രശ്മിക മന്ദാന വിമര്‍ശനങ്ങള്‍ക്ക് നടുവില്‍. കര്‍ണാടകയിലെ കൂര്‍ഗ് ആണ് രശ്മികയുടെ സ്വദേശം എങ്കിലും നടി സ്വന്തം വേരുകള്‍ മറക്കുന്നുവെന്ന് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. കന്നഡ സിനിമയിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തെലുങ്ക് സിനിമയിലൂടെയാണ് നടി പ്രശസ്തയാവുന്നത്. താന്‍ ഹൈദരാബാദില്‍ നിന്നുള്ള നടിയാണ് എന്ന് രശ്മിക പറഞ്ഞതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ഛാവ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയുള്ള രശ്മികയുടെ ഒരു വീഡിയോ ക്ലിപ്പ് ആണ് വൈറലായിരിക്കുന്നത്. ''ഹൈദരാബാദുകാരിയായ ഞാന്‍ തനിച്ചാണ് ഇവിടെ വന്നിരിക്കുന്നത്, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി എന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് രശ്മിക പറയുന്നത്. കാണികള്‍ ഇത് കരഘോഷത്തോടെ ഏറ്റെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടിയുടെ വാക്കുകള്‍ക്ക് നേരെ വിമര്‍ശനങ്ങളാണ് എത്തുന്നത്.
''കന്നഡിഗരില്‍ നിന്നും ആവശ്യമില്ലാതെ നെഗറ്റിവിറ്റി നേരിടുന്നതില്‍ നിങ്ങളോട് സഹതാപം തോന്നാറുണ്ട്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ നിങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ അത് ശരിയാണെന്ന് തോന്നുന്നു. നിങ്ങള്‍ തിരിച്ചടികള്‍ അര്‍ഹിക്കുന്നുണ്ട്'' എന്നാണ് വീഡിയോ പങ്കുവച്ച് ഒരാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്.
''തെലുങ്ക് പ്രേക്ഷകരെയും സിനിമയെയും സാഹോദര്യത്തെയും ആകര്‍ഷിക്കുവാനായി ഇങ്ങനെ ഓരോന്ന് പറയുകയാണ്. അവസരവാദി'' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാല്‍ രശ്മികയെ സപ്പോര്‍ട്ട് ചെയ്ത് നടിയുടെ ആരാധകരും രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രശ്മിക കൂര്‍ഗിനോടുള്ള തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.