ഇറാനില്‍ തടവിലാക്കപ്പെട്ട് ബ്രിട്ടീഷ് ദമ്പതികള്‍. ക്രെയ്ഗ്, ലിന്‍ഡ്‌സെ ഫോര്‍മാന്‍ എന്നിവരാണ് തടവിലായത്. ലോകമാകെ മോട്ടോര്‍ ബൈക്ക് യാത്രയുടെ ഭാഗമായി അഞ്ചു ദിവസം ഇറാനില്‍ കഴിയാന്‍ പദ്ധതിയിട്ടാണ് ദമ്പതികള്‍ ഇറാനിലെത്തിയത്. കെര്‍മനില്‍ തടവിലാണിവര്‍. സുരക്ഷാ ആരോപണങ്ങളുടെ പേരില്‍ ബ്രിട്ടീഷ് പൗരന്മാര്‍ തടവിലായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച ആദ്യം യുകെ അംബാസഡര്‍ ഹ്യൂഗോ ഷോര്‍ട്ടര്‍ ദമ്പതികളെ കണ്ടിരുന്നു. കെര്‍മാന്‍ പ്രോസിക്യൂട്ടര്‍ മെഹ്ദി ബക്ഷി, കെര്‍മാന്‍ ഗവര്‍ണറുടെ സുരക്ഷാ നിയമ നിര്‍വ്വഹണ ഡെപ്യൂട്ടി റഹ്‌മാന്‍ ജലാല്‍ എന്നിവരും സന്നിഹിതരായിരുന്നു. യുകെ ഫോറിന്‍ ഓഫീസ് മുഖേന സഹായം നല്‍കുന്നുണ്ട്. ദമ്പതികള്‍ക്ക് നിലവില്‍ കൗണ്‍സിലിങ് സഹായം നല്‍കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു.
അര്‍മേനിയയില്‍ നിന്ന് ഇറാനില്‍ പ്രവേശിച്ച ദമ്പതികള്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് സോഷ്യല്‍മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നത്. യാത്രക്കിടെ ലിന്‍ഡ്‌സെ ഫോര്‍മാന്‍ എന്താണ് നല്ല ജീവിതം എന്നതിനെ കുറിച്ച് ആളുകളുടെ കാഴ്ചപ്പാടു തേടി ഗവേഷണവും നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനും പ്ലാന്‍ ചെയ്‌തെന്നാണ് സൂചന. ഏതായാലും വിഷയത്തില്‍ യുകെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.