ബ്രിട്ടനിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കാന്‍ സ്റ്റുഡന്റ് വിസകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ മറുപാരയായി മാറിയിരിക്കുന്നത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക്. വിസകള്‍ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് പല ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളുടെയും നിലനില്‍പ്പിനെ ബാധിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശ്രോതസ്സുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
യൂണിവേഴ്‌സിറ്റികളെ സഹായിക്കാനായി പ്രാദേശിക വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തിയെങ്കിലും ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകള്‍ മറുവശത്ത് നേരിട്ടതോടെ ഈ ഗുണം നഷ്ടമായെന്നാണ് പരാതി. എട്ട് വര്‍ഷത്തിനിടെ ആദ്യമായി യുകെ വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടിലേക്ക് ഫീസ് ഉയര്‍ത്താന്‍ മന്ത്രിമാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാരെ കുറച്ചും, കോഴ്‌സുകള്‍ നിര്‍ത്തലാക്കിയും പിടിച്ചുനില്‍ക്കാനാണ് യൂണിവേഴ്‌സിറ്റികളുടെ ശ്രമം.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധനവാണ് പല സ്ഥാപനങ്ങളെയും പ്രശ്‌നത്തിലാക്കിയതെന്ന് അധികൃതര്‍ പറയുന്നു. നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നതും, പുതുതായി ചേരുന്നവര്‍ക്ക് ഫീസ് വര്‍ദ്ധന നല്‍കാന്‍ കാത്തിരിക്കണമെന്നതും പ്രതിസന്ധിയാണ്.
ജനുവരി അവസാനം വരെയുള്ള വര്‍ഷത്തില്‍ സ്റ്റഡി വിസകള്‍ക്കുള്ള അപേക്ഷകള്‍ 13% കുറഞ്ഞതായി ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നത് നിരോധിച്ചത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ ഫീസ് പിടുങ്ങിയിരുന്ന ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് ഇത് ഉപയോഗിച്ച് ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്ക് സബ്‌സിഡി നല്‍കാനും, ഗവേഷണത്തിനായി ഉപയോഗിക്കാനും സാധിച്ചിരുന്നു.