സ്ത്രീധനമായി ഥാര്‍ നല്‍കാത്തതിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി പ്രതിശ്രുതവരന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇതോടെ യുവാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന നിരോധന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
വിവാഹ സത്കാരത്തിന് തൊട്ടുമുമ്പ് വരന്‍ 11.50 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വിലയുള്ള ഒരു ഥാര്‍ ആവശ്യപ്പെട്ടതായി വധുവിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി. വരന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വധുവിന്റെ കുടുംബവും ബന്ധുക്കളും അതിഥികളും രാത്രി മുഴുവന്‍ കാത്തിരുന്നെങ്കിലും വരനും കുടുംബവും എത്തിയില്ല. തുടര്‍ന്ന് വധുവിന്റെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് വരന്‍ പണവും ആഭരണങ്ങളും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കില്ലെന്നും അയാള്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
തമാശ പറയുകയാണെന്നാണ് വധു ആദ്യം കരുതിയത്. ബിസിനസ് നഷ്ടമാണ് പണം ആവശ്യപ്പെട്ടതിന് കാരണമെന്ന് വരന്‍ പറഞ്ഞതായും അവര്‍ പറയുന്നു. തന്റെ കുടുംബം സാമ്പത്തികമായി ഭദ്രമാണെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു യുവാവിന്റെ പ്രതികരണം.