ട്രംപ്- സെലെന്‍സ്‌കി ചര്‍ച്ച അടിച്ചുപിരിഞ്ഞു; സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാന്‍ ആജ്ഞാപിച്ച് ട്രംപ്

ട്രംപ്- സെലെന്‍സ്‌കി ചര്‍ച്ച അടിച്ചുപിരിഞ്ഞു; സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാന്‍ ആജ്ഞാപിച്ച് ട്രംപ്
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ വാക്കേറ്റവും വെല്ലുവിളിയും. നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാക്‌പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാന്‍ സെലന്‍സ്‌കിയോട് ട്രംപ് ആജ്ഞാപിച്ചു. ഓവല്‍ ഓഫിസില്‍ നടന്ന നാടകീയമായ ചര്‍ച്ചയ്ക്കിടെ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി.

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ അസാധാരണ സംഭവങ്ങളാണ് ഇന്നലെ നടന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഓവല്‍ ഓഫീസിലെ ചര്‍ച്ച തുടങ്ങിയത്. സെലന്‍സ്‌കിക്ക് സമാധാനം പുലരണമെന്ന് താല്‍പ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും സെലന്‍സ്‌കി തള്ളി. വാന്‍സ് യുക്രൈന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്‌കി ഉന്നയിച്ചു.

ചര്‍ച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിന്‍ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തില്‍ ട്രംപിനെ സെലെന്‍സ്‌കി പരസ്യമായി വെല്ലുവിളിച്ചു.

യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. 'അമേരിക്കന്‍ ജനതയോട് ഞാന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്' - സെലെന്‍സ്‌കി പ്രതികരിച്ചു. രാഷ്ട്ര നേതാക്കളുടെ പതിവു ചര്‍ച്ചകളില്‍ നിന്നു മാറി പരസ്പരം വാക്കുതര്‍ക്കത്തിലേക്ക് നീണ്ടതോടെയാണു ചര്‍ച്ച അവസാനിപ്പിച്ചത്.

യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാന്‍സിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലന്‍സ്‌കി തിരിച്ച് ചോദിച്ചു. റഷ്യന്‍ പ്രസിഡന്റ് പലതവണ ധാരണകള്‍ ലംഘിച്ചതിന്റെ ഉദാഹരണങ്ങള്‍ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തര്‍ക്കമായി. പിന്നാലെ വാക്കുതര്‍ക്കം ട്രംപ് ഏറ്റെടുത്തു. സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും മൂന്നാം ലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. യുക്രെയ്‌ന് ഇത്രയും കാലം ഫണ്ട് നല്‍കിയതിന് ബൈഡനെ വിഢ്ഢിയായ പ്രസിഡന്റ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. പിന്നെ അധികനേരം ചര്‍ച്ച നീണ്ടില്ല. സംയുക്ത വാര്‍ത്താസമ്മേളനം റദ്ദാക്കി.

Other News in this category



4malayalees Recommends