നായ അബദ്ധത്തില്‍ വെടിയുതിര്‍ത്തു. വീട്ടുകാരന് ഗുരുതരപരിക്ക്. അമേരിക്കയിലെ ടെന്നസിയിലാണ് പിറ്റ്ബുള്‍ ഉടമയ്ക്ക് ഗുരുതരാവസ്ഥയിലെത്താന്‍ കാരണമായത്. കിടക്കയില്‍ തോക്കുമായി കിടന്ന യുവതിയുടെ ദേഹത്തേക്ക് നായ ചാടി വീണതോടെയാണ് തോക്കില്‍ നിന്ന് വെടിയുതിര്‍ന്നത്. ഇടതു തുടയിലൂടെ വെടിയുണ്ട കടന്നുപോവുകയായിരുന്നു.
ഒരു വയസ് പ്രായമുള്ള പിറ്റ്ബുള്‍ ഓറിയോ ആണ് ഉടമയ്ക്ക് വെടിയേല്‍ക്കാന്‍ കാരണമായത്. തോക്കിന്റെ ട്രിഗറിലേക്കായിരുന്നു നായ ചാടി വീണത്. ജെറാള്‍ഡ് കിര്‍ക്ക്വുഡ് എന്ന യുവാവിനാണ് വെടിയേറ്റത്. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി വെടി പൊട്ടിയതിന് പിന്നാലെ വീട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. തോക്കും യുവതി കൊണ്ടുപോയതായാണ് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. പിന്നാലെ യുവാവ് തന്നെയാണ് പൊലീസ് സഹായം തേടിയത്. രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പിന്നീട് പൊലീസ് യുവതിയുമായി ബന്ധപ്പെട്ടതോടെ ഓറിയോ കിടക്കയിലും മറ്റും ചാടിക്കയറാന്‍ താല്‍പര്യമുള്ള നായയാണെന്നാണ് യുവതി വിശദമാക്കുന്നത്. രണ്ട് തവണയാണ് വെടിയുതിര്‍ന്നതെന്നാണ് വ്യക്തമായിട്ടുള്ളത്.