മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്‌റംഗ് ദള്‍ സംഘടനകള്‍ രംഗത്ത്. ശവകുടീരം പൊളിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കര്‍സേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സര്‍ക്കാരിന് നിവേദനം നല്‍കും.
ബിജെപി- ശിവസേനാ (ഷിന്‍ഡെ) നേതാക്കളുടെ ആവശ്യം ഏറ്റെടുത്താണ് സംഘടനകളുടെ നീക്കം. മുഴുവന്‍ ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്‍പിലും പ്രതിഷേധ സംഗമം നടത്താന്‍ ഇരു സംഘടനകളും അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ബിജെപി മന്ത്രി നിതേഷ് റാണെ, മുന്‍ എംപി നവനീത് റാണ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നിയമപരമായ വഴികളിലൂടെ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
ഔറംഗാബാദിലെ കുല്‍ദാബാദില്‍ സ്ഥിതി ചെയ്യുന്ന സ്മാരകം നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സംരക്ഷണത്തിലാണ്. ശവകുടീരം പൊളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി.
ഒരു യൂണിറ്റ് എസ്ആര്‍പിഎഫ്, രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, 15 പൊലീസുകാര്‍ എന്നിവരെ പ്രദേശത്ത് വിന്യസിച്ചു. സന്ദര്‍ശക പരിശോധന ശക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി സമസ്ത ഹിന്ദുത്വ അഘാഡി നേതാവ് മിലിന്ദ് ഏക്‌ബോടെയ്ക്ക് സംഭാജിനഗര്‍ ജില്ലയിലേക്ക് അടുത്ത മാസം 5 വരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.