മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി
വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുഎസ് പങ്കാളിത്തം, സൈബര്‍സുരക്ഷ, ഭീകരവാദങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. നേരത്തെ ഇന്ത്യയിലെ ഇറക്കുമതി തീരുവയെ കുറിച്ച് തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതല ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് മോദി കൈക്കൊള്ളുന്നതെന്ന് തുളസി ഗബ്ബാര്‍ഡ് പ്രതികരിച്ചു. സമാനമായി അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തുളസി കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെതിരെ രാജ്നാഥ് സിങ് നടപടി ആവശ്യപ്പെട്ടിരുന്നു. അതേസമയം മഹാകുംഭമേള നടന്ന പ്രയാഗ്രാജില്‍നിന്ന് ശേഖരിച്ച ഗംഗാജലം മോദി ഗബ്ബാര്‍ഡിന് സമ്മാനിച്ചു.

Other News in this category



4malayalees Recommends