യുഎസില്‍ കോഴിമുട്ട ക്ഷാമവും വിലക്കയറ്റവും വലിയ ചര്‍ച്ചയാവുകയാണ്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധനചെയ്തുള്ള ആദ്യ പ്രസംഗത്തില്‍തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുട്ടവിലയെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനിടെ മുട്ട ഇറക്കുമതിക്കായി ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അമേരിക്ക സമീപിച്ചിരുന്നു. എന്നാല്‍, അമേരിക്കയുടെ അഭ്യര്‍ഥന ഫിന്‍ലന്‍ഡ് നിരസിച്ചിരിക്കുകയാണ്.
തങ്ങള്‍ കയറ്റിയിറക്കുന്ന മുട്ടയ്ക്ക് വിപണി ലഭിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും ഉണ്ടായില്ലെന്ന് കാണിച്ചാണ് ഫിന്‍ലന്‍ഡ് കയറ്റുമതി നിഷേധിച്ചത്. തങ്ങള്‍ കയറ്റിയിറക്കുന്ന മുട്ടകൊണ്ട് അമേരിക്കയിലെ പ്രതിസന്ധി അവസാനിക്കില്ലെന്നും ഫിന്നിഷ് പൗള്‍ട്രി അസോസിയേഷന്‍ ഡയറക്ടര്‍ വീര ലഹ്റ്റില പറഞ്ഞു. ഫിന്‍ലന്‍ഡിന് നിലവില്‍ യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാനാവശ്യമായ അനുമതിയില്ല. അത് നേടിയെടുക്കാന്‍ വലിയ അധ്വാനംവേണ്ടിവരുമെന്നതുകൂടി യുഎസിന്റെ ആവശ്യം നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഫിന്‍ലന്‍ഡ് ആവശ്യം നിഷേധിച്ചതില്‍ ട്രംപിന്റെ വിദേശനയത്തിലെ പാളിച്ചയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 'എല്ലാവരേയും അപമാനിക്കുകയും നികുതി ചുമത്തുകയും കടന്നുകയറുമെന്ന് ഭീഷണിപ്പെടുത്തുന്നുകയും ചെയ്യുന്ന ട്രംപ് ഒടുവില്‍ ആഭ്യന്തരപ്രശ്നങ്ങളില്‍ അവര്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചു'വെന്ന് സാമൂഹികമാധ്യമ ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. നികുതിയുദ്ധം പ്രഖ്യാപിച്ച് ട്രംപ് മുട്ടയ്ക്കായി യാചിക്കുകയാണെന്നും ചിലര്‍ പരിഹസിച്ചു.