കൊല്ലം ഉളിയക്കോവിലില്‍ കൊലപാതക ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചത് പകയ്ക്ക് കാരണമായി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫെബിന്റെ അച്ഛന്‍ ജോര്‍ജ് ഗോമസ് കുത്തേറ്റ് ചികിത്സയില്‍ തുടരുകയാണ്.
ഫെബിനെ വീട്ടില്‍ കയറി കുത്തിക്കൊന്ന ശേഷം അക്രമിയായ തേജസ് രാജിനെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് മരിച്ചയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിനെ കാറിലെത്തിയ ആള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.