അധികാരമേറ്റെടുത്തതിന് പിന്നാലെ അമേരിക്കയുമായി ഉടക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. രണ്ടു വര്‍ഷം മുമ്പ് കരാറായ എഫ് 35 യുദ്ധ വിമാനം വേണ്ടെന്ന നിലപാടാണ് കാനഡ സ്വീകരിക്കുന്നത്.
എഫ് 35 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മറ്റു സാധ്യതകള്‍ പരിശോധിക്കാനും പ്രധാനമന്ത്രി , പ്രതിരോധ മന്ത്രി ബില്‍ ബ്ലെയറിനോട് ആവശ്യപ്പെട്ടു. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിനിടെയാണ് കാനഡയുടെ പുതിയ തീരുമാനം.
കനേഡിയന്‍ വ്യോമസേനയ്ക്ക് വേണ്ടത് എഫ് 35 യുദ്ധവിമാനങ്ങളായിരുന്നു. ആദ്യത്തെ 16 വിമാനങ്ങള്‍ക്കായാണ് കാനഡ ഫണ്ട് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനാണിപ്പോള്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രി നേരിട്ട് തന്നെ ഇടപെട്ട് നിര്‍ദ്ദേശിക്കുന്നത്.
എഫ് 35 കരാര്‍ കാനഡയുടെ ഏറ്റവും മികച്ച നിക്ഷേപമാണോ എന്നും കാനഡയുടെ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ കഴിയുന്ന മറ്റ് ഒപ്ഷനുകള്‍ ഉണ്ടോ എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ് സെക്രട്ടറി ലോറന്റ് ഡി കാസനോവ് വ്യക്തമാക്കിയത്.
അതേസമയം എഫ് 35 കരാര്‍ റദ്ദാക്കിയിട്ടില്ലെന്നും മേഖലയിലെ പുതിയ സാഹചര്യം കണക്കിലെടുത്ത് കരാറില്‍ പുനരാലോചന നടത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.