താമരശേരിയില്‍ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കള്‍

താമരശേരിയില്‍ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കള്‍
രാസലഹരിയില്‍ കാന്‍സര്‍ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ മകന്‍ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് ഇന്നും നാട്. പണം നല്‍കാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. രണ്ട് ദിവസം ആഷിഖ് വീട്ടില്‍ എത്താതിരുന്നതോടെ എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖിന്റെ മറുപടി.

പിന്നീടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് വിവാഹബന്ധം വേര്‍പ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളര്‍ത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടില്‍ നിന്നും ഇവര്‍ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അതോടെ പുതുപ്പാടിയില്‍ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് പ്രശ്‌നമായതെന്ന് അയല്‍വാസികള്‍ പറയുന്നു.

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്നാണ് യാസിര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

Other News in this category



4malayalees Recommends