ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൈന്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മരവിപ്പിച്ച് കോടതി. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം പരാമര്‍ശിച്ചാണ് യുഎസ് ഫെഡറല്‍ കോടതിയുടെ ഉത്തരവ്. ട്രംപിന്റെ വിലക്ക് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
'ഇത് ചൂടേറിയ പൊതു ചര്‍ച്ചയ്ക്കും അപ്പീലുകള്‍ക്കും കാരണമാകുമെന്ന് കോടതിക്ക് അറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍ രണ്ടും നല്ലതാണ്'- കോടതി ഉത്തരവില്‍ ജഡ്ജി അന്ന റെയ്സ് പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ ജോലിയില്‍നിന്നു നീക്കാന്‍ യുഎസ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. പിരിച്ചുവിടലില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ തുടര്‍ച്ചയായി 3 വര്‍ഷം ലിംഗപരമായ സ്ഥിരത പുലര്‍ത്തണമെന്നായിരുന്നു ഉത്തരവ്.
ട്രാന്‍സ് സൈനികരെ തിരിച്ചറിയാന്‍ 30 ദിവസത്തിനുള്ളില്‍ നടപടിക്രമം ഉണ്ടാക്കുമെന്നും അടുത്ത 30 ദിവസത്തിനുള്ളില്‍ ഇവരെ പിരിച്ചുവിട്ടു തുടങ്ങുമെന്നും പെന്റഗണ്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 15,000 ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികര്‍ പുറത്താക്കപ്പെടുമെന്നാണ് ആക്ടിവിസ്റ്റുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയും പേരില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കിയ സൂചന. സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഒന്നാം ഭരണകാലത്തു തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ഇപ്പോള്‍ ട്രംപിന് തിരിച്ചടിയായിരിക്കുകയാണ്.