വിമാനങ്ങളില്‍ ഇസ്രയേലിനെ നീക്കിയുള്ള മാപ്പ് കാണിച്ചതിന് പിന്നാലെ ക്ഷമാപണം നടത്തി എയര്‍ കാനഡ. എയര്‍ കാനഡയിലെ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ എന്റര്‍ടെയിന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി കാണിച്ച മാപ്പിലാണ് ഇസ്രയേലിന് പകരം പാലസ്തീന്‍ ടെറിറ്ററീസ് എന്ന് കാണിച്ചത്. അപ്‌ഡേറ്റിന് പിന്നാലെ ഈ മാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബോയിംഗ് 737 വിമാനം ഉപയോഗിച്ച് നടത്തുന്ന 40 വിമാനങ്ങളിലാണ് മാപ്പില്‍ ഇസ്രയേലിനെ ഒഴിവാക്കിയത്. വിമാനയാത്രക്കാരാണ് സംഭവം എയര്‍ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എയര്‍ കാനഡയുടെ 350 വിമാനങ്ങളില്‍ 43 എണ്ണം ബോയിംഗ് 737 മാക്‌സ് വിമാനമാണ്. വിമാനത്തിനുള്ള എന്റര്‍ടെയിന്‍മെന്റ് സംവിധാനം നിര്‍മ്മിച്ചത് ഫ്രഞ്ച് എയറോസ്‌പേസ് ഗ്രൂപ്പായി താല്‍സ് ആണ്. മാപ്പ് താല്‍സ് പുറത്ത് നിന്നൊരു കമ്പനിയുടെ സഹായത്തോടെയാണ് തയ്യാറാക്കിയത്. മാപ്പ് തയ്യാറാക്കിയ കമ്പനിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
പ്രശ്‌നം പരിഹരിച്ചതായാണ് എയര്‍ കാനഡയും താല്‍സും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ വിശദമാക്കുന്നത്. മധ്യ പൂര്‍വ്വദേശങ്ങളുടെ അതിര്‍ത്തിയേക്കുറിച്ച് ബോയിംഗ് 737 വിമാന വ്യൂഹത്തില്‍ വന്ന വിവാദ സംഭവം ശ്രദ്ധയില്‍ വന്നതായും ഇത് പരിഹരിച്ചതായുമാണ് സംയുക്ത പ്രസ്താവന വിശദമാക്കുന്നത്. വിമാനത്തിനുള്ളില്‍ ലഭ്യമായ മാപ്പില്‍ നഗരങ്ങളുടെ പേര് മാത്രം കാണിക്കുന്നതാണ് എയര്‍ കാനഡയുടെ നയമെന്നും പ്രസ്താവന വിശദമാക്കുന്നു.
മാര്‍ച്ച് 14 മുതല്‍ പിഴവ് പരിഹരിച്ച മാപ്പ് അപ്‌ഡേറ്റ് ചെയ്തതായും എയര്‍ കാനഡ വിശദമാക്കി. സംഭവത്തില്‍ എയര്‍ കാനഡയും താല്‍സും ക്ഷമാപണം നടത്തുന്നതായും സംയുക്ത പ്രസ്താവന വിശദമാക്കിയത്. മാപ്പ് തയ്യാറാക്കാനായി നല്‍കിയ സ്ഥാപനത്തിന് പിഴവ് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും എയര്‍ കാനഡ വിശദമാക്കിയത്.