ഗവണ്‍മെന്റിന്റെ ചെലവുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ ബില്‍ 5 ബില്ല്യണ്‍ പൗണ്ട് കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി. വൈകല്യമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള യേഗ്യതാ മാനദണ്ഡങ്ങള്‍ ചുരുക്കിയാണ് പണം ലാഭിക്കുന്നതെന്ന് ലിസ് കെന്‍ഡാല്‍ പ്രഖ്യാപിച്ചു.
പേഴ്‌സണ്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പിഐപി) നേടുന്ന ആളുകളുടെ എണ്ണം സുസ്ഥിരമായതല്ലെന്ന് കോമണ്‍സില്‍ സംസാരിക്കവെ കെന്‍ഡാല്‍ വ്യക്തമാക്കി. എന്നാല്‍ മുന്‍പ് പ്രചരിച്ചത് പോലെ പിഐപി അപ്പാടെ നിര്‍ത്തലാക്കാതെ അലവന്‍സ് കൈപ്പറ്റുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
വൈകല്യങ്ങളുടെ ഭാഗമായി അധിക പരിചരണം ആവശ്യമുള്ളവര്‍ക്കും, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമാണ് പിഐപി ലഭിക്കുന്നത്. എന്നാല്‍ തുണി അലക്കല്‍, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങിയവ ചെയ്യാനുള്ള ശേഷി അനുസരിച്ച് ലഭിക്കുന്ന തുകയിലും മാറ്റമുണ്ട്. 2026 നവംബര്‍ മുതല്‍ ഓരോ പ്രവൃത്തിയിലും നാല് പോയിന്റെങ്കിലും ലഭിച്ചാലാണ് പിഐപി ലഭിക്കുക.
അതേസമയം വൈകല്യങ്ങളുള്ള 1.2 മില്ല്യണ്‍ വരെ ആളുകള്‍ക്ക് ആയിരക്കണക്കിന് പൗണ്ട് നഷ്ടമാകാന്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ പരിഷ്‌കരണം ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മാനസിക ആരോഗ്യ പ്രതിസന്ധി രൂക്ഷമാക്കാനും, കുട്ടികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനുമാണ് വഴിയൊരുക്കുന്നതെന്ന് പ്രചാരകര്‍ മുന്നറിയിപ്പ് നല്‍കി.
ലേബര്‍ എംപിമാര്‍ തന്നെ പദ്ധതിക്ക് എതിരെ രംഗത്ത് വരുന്നുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ വിഷയം വോട്ടിനിടുമ്പോള്‍ മുപ്പതോളം പാര്‍ട്ടി എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. രോഗികളുടെയും, വൈകല്യങ്ങള്‍ നേരിടുന്നവരുടെയും പുറത്തുകയറി കണക്കുപുസ്തകം ബാലന്‍സ് ചെയ്യുന്നതിന് എതിരെ കോമണ്‍സ് വര്‍ക്ക് & പെന്‍ഷന്‍സ് കമ്മിറ്റി ലേബര്‍ ചെയര്‍ ഡെബ്ബി എബ്രഹാംസ് മുന്നറിയിപ്പ് നല്‍കി.