'ആണുങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണം'; നിയമസഭയില്‍ ആവശ്യമുന്നയിച്ച് ജെഡിഎസ് എംഎല്‍എ

'ആണുങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണം'; നിയമസഭയില്‍ ആവശ്യമുന്നയിച്ച് ജെഡിഎസ് എംഎല്‍എ

പുരുഷന്മാര്‍ക്ക് മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടകയിലെ ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പ നിയമസഭയില്‍. സ്ത്രീകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിരവധി സൗജന്യങ്ങള്‍ നല്‍കുന്നുണ്ട്. ആണുങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടു കുപ്പി മദ്യമെങ്കിലും അനുവദിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. സഹകരണ സംഘം വഴി മദ്യം വിതരണം ചെയ്യണം. മലയാളിയായ മന്ത്രി കെ ജെ ജോര്‍ജിനോടായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം.


തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം തിരിച്ചു പിടിച്ച ശേഷം നടപ്പിലാക്കിക്കോളൂവെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. മദ്യ ഉപഭോഗം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദേശം പ്രായോഗികമല്ലെന്ന് സ്പീക്കര്‍ യു ടി ഖാദറും പ്രതികരിച്ചു. രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കാനുള്ള നിര്‍ദ്ദേശം ബുദ്ധിമുട്ടാണ്. രണ്ടുകുപ്പി സൗജന്യമായി നല്‍കാന്‍ തുടങ്ങിയാല്‍ സ്ഥിതി എന്തായിരിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂവെന്നും സ്പീക്കര്‍ പറഞ്ഞു.

'സ്പീക്കര്‍ സാര്‍ എന്നെ തെറ്റിദ്ധരിക്കരുത്, നിങ്ങള്‍ 2000 രൂപ സൗജന്യമായി നല്‍കുമ്പോള്‍, സൗജന്യ വൈദ്യുതി നല്‍കുമ്പോള്‍ അത് നമ്മുടെ പണമാണ്, അല്ലേ?. അതുകൊണ്ട് മദ്യപാനികള്‍ക്കും ആഴ്ചയില്‍ രണ്ട് കുപ്പികള്‍ സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെടുന്നത്. എല്ലാ മാസവും പണം അടയ്ക്കാന്‍ കഴിയില്ല, അല്ലേ? വെറും രണ്ട് കുപ്പികള്‍. നമ്മുടെ പണമാണ് ശക്തി യോജനയ്ക്കും സൗജന്യ ബസിനും വൈദ്യുതിക്കും നല്‍കുന്നത്, അല്ലേ? പുരുഷന്മാര്‍ക്ക് ഓരോ ആഴ്ചയും രണ്ട് കുപ്പികള്‍ നല്‍കുന്നതില്‍ എന്താണ് തെറ്റ് . സഹകരണ സംഘം വഴി സര്‍ക്കാര്‍ വിതരണം ചെയ്യട്ടെ', എന്നായിരുന്നു എം ടി കൃഷ്ണപ്പയുടെ വാക്കുകള്‍.

Other News in this category



4malayalees Recommends