മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണാ എസ് നായര്‍. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ ജനങ്ങള്‍ക്ക് അറിയില്ലെന്ന് നിര്‍മലയ്ക്ക് അയച്ച കത്തില്‍ വീണ പറയുന്നു. നിയമസഭയില്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിട്ടില്ലെന്നും വീണ കത്തില്‍ പറയുന്നു.
നിര്‍മല സീതാരാമന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം എസ്എഫ്ഐഒ വഴി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്സാലോജിക് കമ്പനിക്കും എതിരെ അന്വേഷണം ആരംഭിച്ച കാര്യവും വീണ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എട്ട് മാസം കൊണ്ട് അന്വേഷണം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണ പുരോഗതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. അന്വേഷണം വൈകുന്നതിന്റെ കാരണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും വീണ കത്തില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ കേരള ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായായിരുന്നു നിര്‍മലയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അന്‍പത് മിനിറ്റോളം നീണ്ടുനിന്നിരുന്നു.