'ജീവിക്കാന്‍ അര്‍ഹതയില്ല, അവളെ തൂക്കിലേറ്റണം'; ഭര്‍ത്താവിനെ കൊന്ന് ഡ്രമ്മില്‍ ഒളിപ്പിച്ച യുവതിയെ തള്ളിപ്പറഞ്ഞ് മാതാപിതാക്കള്‍

'ജീവിക്കാന്‍ അര്‍ഹതയില്ല, അവളെ തൂക്കിലേറ്റണം'; ഭര്‍ത്താവിനെ കൊന്ന് ഡ്രമ്മില്‍ ഒളിപ്പിച്ച യുവതിയെ തള്ളിപ്പറഞ്ഞ് മാതാപിതാക്കള്‍
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുസ്‌കാന്‍ റസ്‌തോഗിയെ തൂക്കിലേറ്റണമെന്ന് യുവതിയുടെ മാതാപിതാക്കള്‍. മകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും തൂക്കിലേറ്റണമെന്നും മുസ്‌കാന്റെ അച്ഛന്‍ പ്രമോദ് റസ്‌തോഗി പ്രതികരിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഭര്‍ത്താവ് സൗരഭ് രജ്പുത് തടഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്ന് മകള്‍ കുറ്റസമ്മതം നടത്തിയെന്നും അച്ഛന്‍ പറഞ്ഞു. കാമുകന്‍ സാഹില്‍ ശുക്ലയുടെ സഹായത്തോടെയാണ് മുസ്‌കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് മുസ്‌കാന്‍ തന്നോട് പറഞ്ഞെന്നും പ്രമോദ് റസ്തോഗി വെളിപ്പെടുത്തി. സൌരഭ് രണ്ട് വര്‍ഷം മുന്‍പ് ലണ്ടനില്‍ പോയതിന് ശേഷമാണ് മകള്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത്. സാഹില്‍ ആണ് മുസ്‌കാനെ മയക്കുമരുന്നിന് അടിമയാക്കിയതെന്നും അച്ഛന്‍ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുസ്‌കാന്റെ സഹപാഠിയായിരുന്നു സാഹില്‍. പിന്നീട് സോഷ്യല്‍ മീഡിയ വഴി ഇരുവരും പരിചയം പുതുക്കുകയായിരുന്നു. സൗരഭ് തനിക്ക് മകനെപ്പോലെയാണെന്ന് പറഞ്ഞ പ്രമോദ് റസ്‌തോഗി, തന്റെ മകള്‍ക്ക് ഇനി ജീവിക്കാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞു.

സൗരഭിനെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി എന്നാണ് മുസ്‌കാന്‍ വീട്ടിലെത്തി പറഞ്ഞതെന്ന് അമ്മ കവിത റസ്‌തോഗി പറഞ്ഞു. ഇതോടെ ഇക്കാര്യം പൊലീസില്‍ അറിയിക്കാന്‍ മുസ്‌കാന്റെ അച്ഛന്‍ തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകവേ വീണ്ടും ചോദിച്ചപ്പോള്‍ താനും സാഹിലും ചേര്‍ന്നാണ് സൌരഭിനെ കൊലപ്പെടുത്തിയതെന്ന് മുസ്‌കാന്‍ സമ്മതിച്ചെന്നും അച്ഛന്‍ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

മുസ്‌കാന്റെയും അഞ്ചു വയസുള്ള മകളുടെയും ജന്മദിനം ആഘോഷിക്കാനാണ് സൌരഭ് കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയത്. ഇതിനിടെ മുസ്‌കാനും സാഹില്‍ ശുക്ല എന്ന യുവാവും തമ്മിലുള്ള ബന്ധം സൌരഭ് അറിഞ്ഞെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പൊലീസ് പറയുന്നു. പിന്നാലെ മാര്‍ച്ച് നാലിനാണ് ഇരുവരും ചേര്‍ന്ന് സൌരഭിനെ കൊലപ്പെടുത്തുന്നത്.

സൗരഭിന് താന്‍ ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനാക്കിയെന്ന് മുസ്‌കാന്‍ പറഞ്ഞു. പിന്നാലെ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കത്തി കുത്തിയിറക്കി മരണം ഉറപ്പാക്കി. മൃതദേഹം 15 ഓളം കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ഡ്രമ്മില്‍ നിറച്ചു. സിമന്റും പൊടിയും ചേര്‍ത്ത് ലായനി ഉണ്ടാക്കിയാണ് ശരീര ഭാഗങ്ങള്‍ ഈ ഡ്രമ്മില്‍ ഒളിപ്പിച്ചത്. ശരീരഭാഗങ്ങള്‍ ഡ്രമ്മില്‍ നിറച്ച ശേഷം ഇഷ്ടികകള്‍ കൊണ്ട് മൂടി ഫ്‌ലാറ്റിന് സമീപം ഉപേക്ഷിച്ചു.

തുടര്‍ന്ന് താനും ഭര്‍ത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയല്‍ക്കാരോട് പറഞ്ഞ ശേഷം മുസ്‌കാന്‍ ഫ്‌ലാറ്റ് പൂട്ടി. മകളെ അമ്മയുടെ പക്കല്‍ ഏല്‍പിച്ചു. മാത്രമല്ല സൌരഭിന്റെ ഫോണ്‍ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ സൌരഭിന്റെ കുടുംബം പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതോടെയാണ് സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ ഉപേക്ഷിച്ച ഡ്രമ്മില്‍ നിന്ന് രൂക്ഷമായ ഗന്ധം പുറത്ത് വന്നതും കൊലപാതകത്തിന്റെ ചുരുളഴിച്ചു. 2016ല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയ വിവാഹം കഴിച്ചതാണ് മുസ്‌കാനും സൌരഭും.

Other News in this category



4malayalees Recommends