മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയ നാല് കാനഡക്കാരുടെ വധശിക്ഷ ചൈന ഈ വര്‍ഷം ആദ്യം നടപ്പാക്കിയതായി സ്ഥിരീകരിച്ച് കനേഡിയന്‍ അധികൃതര്‍.
വധശിക്ഷ നേരിട്ട എല്ലാവരും ഇരട്ട പൗരത്വമുള്ളവരാണ്. ഇവരുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
എന്നാല്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും ഒട്ടാവ പിന്‍വാങ്ങണമെന്ന് കാനഡയിലെ ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മോശമായ ബന്ധം കൂടുതല്‍ വഷളാകാന്‍ പ്രസ്താവന ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
കുറ്റവാളികളുടെ പ്രവര്‍ത്തനത്തില്‍ വ്യക്തവും, ശക്തവുമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് എംബസി അവകാശപ്പെട്ടു. കനേഡിയന്‍ പൗരന്‍മാരുടെ എല്ലാ അവകാശങ്ങളും, താല്‍പര്യങ്ങളും പരിഗണിക്കപ്പെട്ടു. ചൈനയുടെ ജുഡീഷ്യല്‍ പരമാധികാരത്തില്‍ ബഹുമാനം കാണിക്കണമെന്നും എംബസി കാനഡയോട് ആവശ്യപ്പെട്ടു.