ഹമാസ് ബന്ധം ആരോപിച്ച് ഗവേഷകനെ നാടുകടത്താന്‍ ശ്രമം ; ഇന്ത്യന്‍ പൗരനെതിരെയുള്ള നീക്കം തടഞ്ഞ് കോടതി
അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനം തടഞ്ഞ് കോടതി. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. ബദര്‍ ഖാന്‍ സൂരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബദര്‍ ഖാന്‍ ഒരു ഇന്ത്യന്‍ പൗരനാണ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബദര്‍ ഖാന്റെ അറസ്റ്റ് അദ്ദേഹത്തെ നിശബദമാക്കാനും അടിച്ചമര്‍ത്താനും വേണ്ടിയുള്ളതാണെന്നും അതുകൊണ്ടുതന്നെ ബദര്‍ ഖാന്‍ സൂരിയെ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതിയില്‍ നിന്ന് ഇനിയൊരു ഉത്തവ് ഉണ്ടാകുന്നത് വരെ ബദര്‍ ഖാനെ രാജ്യത്ത് നിന്ന് പുറത്താക്കാരുതെന്ന് വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പട്രീഷ്യ ടോളിവര്‍ ഉത്തരവിട്ടു.
ബദര്‍ ഖാന്‍ സൂരിയുടെ അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അദ്ദേഹത്തെ നാടുകടത്താനുള്ള നീക്കം തടയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഒരാളെ അയാളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെയും നിലപാടുകളുടെയും പേരില്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി തടങ്കലില്‍ പാര്‍പ്പിക്കുന്നത് എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് എന്ന് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതികരിച്ചു.
'ഡോ. ബദര്‍ ഖാന്‍ സൂരി ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അറിയില്ല. അദ്ദേഹത്തെ തടങ്കലിലാക്കിയതിന് കാരണം ആരും വിശദീകരിച്ചിട്ടില്ല. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലെയും സമാധാനംപുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്താനാണ് ബദര്‍ ഖാന്‍ എന്ന ഇന്ത്യന്‍ പൗരന്‍ അമേരിക്കയിലെത്തിയത്' എന്ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.