ഹീത്രൂവിന് സമീപമുള്ള ഇലക്ട്രിക് സ്റ്റേഷനില്‍ വന്‍ അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി തകരാറിലായ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചു. യൂറോപ്പിലെ തിരക്കേറിയ വിമാനത്താവളമാണ് വെള്ളിയാഴ്ച ഉടനീളം അടച്ചത്. ഇതോടെ ഇവിടെ നിന്നുള്ള വിമാനയാത്ര തകരാറിലായി. ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ചിലത് യാത്ര പുറപ്പെട്ട ഇടങ്ങളിലേക്ക് തന്നെ മടങ്ങി. ഹീത്രൂ വിമാനത്താവളം അടച്ചിട്ടതോടെ 1300-ലേറെ വിമാനങ്ങളെ ബാധിക്കുമെന്നാണ് ഫ്‌ളൈറ്റ്‌റഡാര്‍24 റിപ്പോര്‍ട്ട്.
ഹീത്രൂവിന് സമീപം ആകാശത്ത് കറങ്ങിയ 120 വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയോ, മടക്കി അയയ്ക്കുകയോ ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്. ഹീത്രൂവില്‍ വന്ന് പോകേണ്ട ആയിരത്തിലേറെ വിമാന സര്‍വ്വീസുകള്‍ ഇതില്‍ ബാധിക്കപ്പെടും.
ഇതോടെ 145,000 യാത്രക്കാരുടെ യാത്രാപദ്ധതികളാണ് അവതാളത്തിലാകുന്നത്. ഹീത്രൂവിലേക്കുള്ള റെയില്‍ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ ദിവസം ഈ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് നാഷണല്‍ റെയില്‍ വ്യക്തമാക്കി.
വെസ്റ്റ് ലണ്ടന്‍ ഹെയ്‌സിലെ സബ്‌സ്റ്റേഷനിലാണ് തീപിടുത്തം ഉണ്ടായത്. ഇതോടെ ആയിരക്കണക്കിന് വീടുകളിലും വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി ബന്ധം തകരാറിലായതിനാല്‍ എപ്പോള്‍ ഇത് തിരികെ എത്തുമെന്ന് ഉറപ്പില്ലെന്ന് ഹീത്രൂ വിമാനത്താവളത്തിലെ വക്താവ് അറിയിച്ചു. വെള്ളിയാഴ്ച വിമാനത്താവളം അടയ്ക്കുമെങ്കിലും വരും ദിവസങ്ങളിലും ബുദ്ധിമുട്ട് തുടരുമെന്ന് വക്താവ് പറയുന്നു. ഒറു സാഹചര്യത്തിലും എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.