വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങയതാണ് കാരണം.
കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് അധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത്. ദേശീയ ഗാനം ആലപിച്ച ശേഷമാണ് വൈകിട്ട് ക്ലാസ് വിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ ഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ പുറത്തേക്ക് പോയി.
തുടര്‍ന്ന് ഇവരെ ക്ലാസിലേക്ക് വിളിച്ചുവരുത്തി മുറി അകത്ത് നിന്ന് പൂട്ടിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്ന് ഏത്തമിടീപ്പിച്ചു. പത്ത് മിനിട്ട് കഴിഞ്ഞശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്‌കൂള്‍ ബസ് വിട്ടു പോയി. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക കുട്ടികള്‍ക്ക് ബസ് ടിക്കറ്റിന് പണം നല്‍കി പറഞ്ഞു വിടുകയായിരുന്നു.
സംഭവം നടന്നകാര്യം സ്‌കൂളിലെ പ്രധാനാധ്യാപികയും സ്ഥിരീകരിച്ചു. തനിക്ക് പറ്റിയ തെറ്റില്‍ അധ്യാപിക ഖേദം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വൈകുന്നേരം ക്ലാസ് വിടാന്‍ നേരത്ത് ദേശീയഗാനത്തിന്റെ സമയത്ത് കുട്ടികള്‍ ചാടി ഇറങ്ങാന്‍ പോയപ്പോള്‍ ടീച്ചര്‍ ക്ലാസ് അടക്കുകയായിരുന്നുവെന്ന് പ്രധാനാധ്യാപിക ഗീത പറഞ്ഞു. അതിനുശേഷം ഏത്തമിടാന്‍ പറഞ്ഞു എന്നാണ് പറയുന്നത്. സംഭവത്തില്‍ അധ്യാപികയെ ശാസിച്ചിട്ടുണ്ട്. ടീച്ചര്‍ മാപ്പുപറയുകയും ചെയ്തു. ഡിഡിക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും പ്രധാനാധ്യാപിക പറഞ്ഞു.