മുന്‍ ലിവ്-ഇന്‍ പങ്കാളിയെയും അവരുടെ സുഹൃത്തിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ 23-കാരന്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനല്‍ ആര്യ(22)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകനായിരുന്ന നിഖില്‍ കുമാര്‍ (23) ആണ് പിടിയിലായത്. കഴുത്തറുത്താണ് ആര്യയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മജ്നു കാടിലയിലാണ് ക്രൂരമായ സംഭവം നടന്നത്. ആര്യയുടെ സുഹൃത്തായ രാഷ്മികയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും നിഖില്‍ കൊലപ്പെടുത്തി. തന്റെ കാമുകിയുടെ സുഹൃത്തിന്റെ ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഹൃത്തായ രാഷ്മിയ്ക്കും ദുര്‍ഗേഷിനുമൊപ്പമാണ് കൊല്ലപ്പെട്ട ആര്യ താമസിച്ചിരുന്നത്. ആര്യ ഗര്‍ഭിണിയായിരുന്നെന്നും, കൂട്ടുകാരിയുടെ ഭര്‍ത്താവായ ദുര്‍ഗേഷിന്റെ സഹായത്തോടെ ഗര്‍ഛിദ്രം നടത്തിയതെന്നും നിഖില്‍ പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അവരുടെ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നിഖില്‍ വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നിഖിലിനെ ഉത്തരാഖണ്ഡിലെ ഹല്‍ഡ്വാനിയില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്.
നിഖില്‍ ഒരു ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.'അടുത്തിടെ അവര്‍ ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ദുര്‍ഗേഷിന്റെ സഹായത്തോടെയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് നിഖില്‍ വിശ്വസിച്ചു. അതിനാല്‍, ചൊവ്വാഴ്ച ദുര്‍ഗേഷിന്റെ മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ നിന്ന് ഒരു സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി ഇരുവരെയും കൊലപ്പെടുത്തി. ദുര്‍ഗേഷിന്റെ സഹായത്തോടെ ആര്യ അവരുടെ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്തുവെന്ന് വിശ്വസിച്ചതിനാലാണ് അയാള്‍ ദുര്‍ഗേഷിന്റെ മകളെ കൊലപ്പെടുത്തിയത്,' ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ ബന്തിയ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ ആര്യയും നിഖിലും 2023 ല്‍ ഹല്‍ദ്വാനിയില്‍ വെച്ചാണ് കണ്ടുമുട്ടിയതതെന്ന് തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. '2024 ല്‍ അവര്‍ ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്നും കുട്ടിയെ ഉത്തരാഖണ്ഡില്‍ വിറ്റുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം അവര്‍ വസീറാബാദില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി,' ഡിസിപി പറഞ്ഞു.
നിഖില്‍ ആര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ഇത് സഹിക്കാനാകാതെയാണ് ഈ വര്‍ഷം ജനുവരിയില്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറിയതെന്നുമാണ് വിവരം. ജൂണ്‍ 24ന് നിഖിലിനെതിരെ ആര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി.