അമേരിക്കയിലെ മിനിയാപോളിസില്‍ വെടിവയ്പ്പ് നടത്തിയ കേസിലെ പ്രതിയുടെ അവസാന കുറിപ്പ് പുറത്ത്. കൂട്ടക്കൊലയ്ക്ക് ക്ഷമ ചോദിക്കുകയും കുടുംബാംഗങ്ങളോട് പേര് മാറ്റി ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന കത്തില്‍, ജീവിതത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചതിന് ലോകത്തെ കുറ്റപ്പെടുത്തുന്നു. റോബിന്‍ വെസ്റ്റ്മാന്‍ എന്ന 23കാരനാണ് ഇന്നലെ മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളിന് സമീപം വെടിയുതിര്‍ത്തത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളിനോട് ചേര്‍ന്ന പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോഴാണ് തോക്കുമായെത്തിയ പ്രതി വെടിവച്ചത്. രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അക്രമിയായ റോബിന്‍ വെസ്റ്റ്മാന്‍ സ്വയം ജീവനൊടുക്കി.
ആക്രമണം നടന്ന സ്‌കൂളിലെ പാര്‍ക്കിങ് സ്ഥലത്താണ് റോബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോബിന്‍ ഡബ്ല്യു എന്ന പേരില്‍ ഇയാള്‍ക്കൊരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. ഈ ചാനല്‍ വഴിയാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നാല് പേജുള്ള കൈയെഴുത്ത് കത്ത് പോസ്റ്റ് ചെയ്തത്. താന്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയുടെ പ്രത്യാഘാതം മനസിലാക്കിക്കൊണ്ടാണ് പ്രതി കുടുംബത്തോടും സുഹൃത്തുക്കളോടും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുന്നത്.
തന്റെ പ്രവൃത്തികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും പ്രതി ഈ കത്തിലൂടെ ക്ഷമ ചോദിക്കുന്നു. തന്നെ 'നല്ല വ്യക്തിയായി' വളര്‍ത്തിയതിനും ആത്മത്യാഗത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പഠിപ്പിച്ചതിനും മാതാപിതാക്കളെ അഭിനന്ദിക്കുന്ന ഇയാള്‍ ലോകത്തെയാണ് തന്റെ ചെയ്തികള്‍ക്ക് കുറ്റപ്പെടുത്തുന്നത്.
'ദയവായി മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് കരുതരുത്. ഈ ലോകം എന്നെ ദുഷിപ്പിച്ചു, ജീവിതം എന്താണെന്ന് വെറുക്കാന്‍ ഞാന്‍ പഠിച്ചു. ജീവിതം സ്‌നേഹമാണ്, ജീവിതം വേദനയാണ്. ഈ ലോകം നല്‍കുന്ന വേദന കൊണ്ട് ഞാന്‍ മടുത്തു. സഹോദരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നിങ്ങളുടെ സ്‌നേഹം നല്‍കുന്നത് തുടരൂ. നിങ്ങള്‍ എന്നെ വിട്ടുകളയുക. എന്റെ ജീവിതവും ഞാന്‍ നല്‍കിയ വേദനയും മറക്കുക. നിങ്ങളുടെ ജീവിതം എന്നേക്കുമായി കളങ്കപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു. ഇനി നിങ്ങളുടെ കരിയര്‍, ജീവിതം, ബന്ധങ്ങള്‍, എല്ലാം തലകീഴായി മറിയും. അതുകൊണ്ട് ആവശ്യമെങ്കില്‍ നിങ്ങളുടെ പേരുകള്‍ മാറ്റുക.'
'ഇത് തെറ്റാണെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഞാന്‍ കടുത്ത വിഷാദത്തിലാണ്, വര്‍ഷങ്ങളായി ആത്മഹത്യയുടെ വക്കിലാണ്. ഈ ലോകത്തിലെ അനീതികള്‍ക്ക് മുന്നില്‍ മുട്ടുകുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് മരിക്കണം. ഞാന്‍ കാന്‍സര്‍ ബാധിച്ച് മരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു,' എന്നും ഇയാള്‍ കത്തില്‍ എഴുതി.
അതേസമയം വലിയ ഞെട്ടലാണ് അമേരിക്കയില്‍ ഈ സംഭവം ഉണ്ടാക്കിയത്. ട്രാന്‍സ് സമൂഹത്തില്‍ നിന്നുള്ളയാളാണ് അക്രമിയെന്നാണ് വിവരം. പള്ളിക്ക് പുറത്ത് നിന്ന് ജനാല വഴിയാണ് പ്രതി വെടിവച്ചത്. പത്തും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളെല്ലാം അപകട നില തരണം ചെയ്തു. എഫ്ബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.