'150 വയസ്സുവരെ മനുഷ്യര്‍ ജീവിക്കാന്‍ സാധ്യത'; മരണമില്ലാത്ത അവസ്ഥയെക്കുറിച്ച് പുടിനും ഷിയും സംസാരിക്കുന്നത് വൈറല്‍

'150 വയസ്സുവരെ മനുഷ്യര്‍ ജീവിക്കാന്‍ സാധ്യത'; മരണമില്ലാത്ത അവസ്ഥയെക്കുറിച്ച് പുടിനും ഷിയും സംസാരിക്കുന്നത് വൈറല്‍
ചൈനീസ് തലസ്ഥാനത്ത് ലോകനേതാക്കളുടെ കൂടിക്കാഴ്ചയ്ക്കിടെ നടന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങിന്റെയും സ്വകാര്യ സംഭാഷണം വൈറലാകുന്നു. ശക്തിയേറിയ മൈക്രോഫോണ്‍ പിടിച്ചെടുത്ത ഇരുവരുടെയും സംഭാഷണവും ഉത്തരകൊറിയന്‍ നേതാവ്

കിം ജോങ് ഉന്നിന്റെ പ്രതികരണവുമാണ് ചര്‍ച്ചയാകുന്നത്. 150 വയസ്സുവരെ മനുഷ്യന്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയെക്കുറിച്ചും മനുഷ്യന്റെ അനശ്വരതയെക്കുറിച്ചുമായിരുന്നു സംഭാഷണം. ഇത് കേട്ട് കിം ജോങ് ഉന്‍ പുഞ്ചിരിക്കുന്നതും വ്യക്തമാണ്. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈന നടത്തിയ സൈനിക പരേഡിനിടെയായിരുന്നു സംഭവം. ടിയാന്‍മെന്‍ ഗേറ്റിലൂടെ സൈനിക പരേഡ് കാണുന്നതിനായി ലോകനേതാക്കള്‍ ഒരുമിച്ച് പോകുന്നത് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതിനിടയില്‍ കടന്നുവന്ന കൗതുകകരമായ ഈ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വളരെ വേ?ഗം വൈറലാകുകയായിരുന്നു.

ബയോടെക്‌നോളജി തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ പുടിന്റെ വിവര്‍ത്തകന്‍ ചൈനീസ് ഭാഷയില്‍ പറയുന്നത് കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവയവങ്ങള്‍ തുടര്‍ച്ചയായി മാറ്റിവെയ്ക്കാന്‍ കഴിയും. നിങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്തോറും നിങ്ങള്‍ പ്രായം കുറഞ്ഞവരാകും, (നിങ്ങള്‍ക്ക്) മരണമില്ലാത്ത അവസ്ഥ കൈവരിക്കാനും കഴിയും എന്നും ആദ്ദേഹം പറയുന്നതായി ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ നൂറ്റാണ്ടില്‍ മനുഷ്യര്‍ 150 വര്‍ഷം വരെ ജീവിക്കുമെന്ന് ചിലര്‍ പ്രവചിക്കുന്നുവെന്ന് മന്ദാരിന്‍ ഭാഷയില്‍ ഷി ജിന്‍ പിങ് പറയുന്നതും ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് കേട്ട് തൊട്ടടുത്ത് നിന്ന് കിം ജോങ് ഉന്‍ ചിരിക്കുന്നതും വ്യക്തമാണ്. സംഭാഷണം കിമ്മിന് വിവര്‍ത്തനം ചെയ്ത് കൊടുത്തതിന് പിന്നാലെയാണോ കിമ്മിന്റെ ചിരി എന്നതില്‍ വ്യക്തതയില്ല. 'ഇക്കാലത്ത്', '70 വയസ്സ്, ആയുസ്സ് എത്ര വലുതായിരുന്നു' തുടങ്ങിയ വാക്കുകള്‍ ഷി ജിന്‍ പിങ് ഉപയോ?ഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. 'മുമ്പ്, ആളുകള്‍ അപൂര്‍വ്വമായി മാത്രമേ 70 വയസ്സ് വരെ ജീവിച്ചിരുന്നുള്ളൂ, എന്നാല്‍ ഇന്ന് 70 വയസ്സില്‍ നിങ്ങള്‍ ഇപ്പോഴും ഒരു കുട്ടിയാണ്' എന്ന് റഷ്യന്‍ വിവര്‍ത്തകന്‍ പറഞ്ഞാതായും റിപ്പോര്‍ട്ടുണ്ട്. ഒരു മിനിട്ട് മാത്രമായിരുന്നു ഈ സംഭാഷണം നീണ്ടത്. പിന്നാലെ കാമറ ടിയാന്‍മെന്‍ സ്‌ക്വയറിലെ ഒരുക്കങ്ങളിലേയ്ക്ക് പോകുകയായിരുന്നു.

ലോകം വീണ്ടും ഒരു വഴിത്തിരിവിലാണെന്ന മുന്നറിയിപ്പ് നല്‍കിയ പ്രസംഗത്തിനായി ചൈനീസ് പ്രസിഡന്റ് വേദിയിലേയ്ക്ക് കയറുന്നതിന് മുമ്പായിരുന്നു ഈ സംഭാഷണം നടന്നത്. എന്നാല്‍ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഷി ജിന്‍പിങ്ങുമായി നടന്ന സംഭാഷണം പുടിന്‍ ശരിവെച്ചെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ ദീര്‍ഘകാലം ജീവിക്കുന്നതുമായി ബന്ധപ്പെട്ട് ഷിന്‍ ജിന്‍ പിങ്ങിനോട് സംസാരിച്ചുവെന്നായിരുന്നു പുടിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

72കാരായ പുടിനും ഷിയും മനുഷ്യര്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതും കൗതുകത്തിന് വഴിതെളിച്ചിട്ടുണ്ട്. ഇരുവരും ഇതുവരെ പിന്‍?ഗാമികളെ ഉയര്‍ത്തിക്കാണിച്ചിട്ടില്ലെന്നതും ഭരണത്തില്‍ തുടരുമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള നിയമഭേദഗതികള്‍ ഇരുനേതാക്കളും നടത്തിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പതിനായിരം സൈനികര്‍ പങ്കെടുത്ത പരേഡ് ചൈന സംഘടിപ്പിച്ചത്. പരേഡില്‍ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍, ടാങ്കുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു. കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും അടക്കം 26 രാഷ്ട്ര തലവന്‍മാര്‍ സൈനിക പരേഡിന് സാക്ഷികളായി പങ്കെടുത്തിരുന്നു.



Other News in this category



4malayalees Recommends