അമേരിക്കയില്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. വിമാന സര്‍വീസുകളും താളംതെറ്റി. 1,200ല്‍ അധികം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുത്തതോടെയാണ് സര്‍വീസുകള്‍ താറുമാറായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ അവധിയില്‍ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതോടെയാണ് ഭരണ സ്തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്.
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികള്‍ നിരവധി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. വെള്ളിയാഴ്ച 1,200-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. അറ്റ്‌ലാന്റ, ഡെന്‍വര്‍, ന്യൂവാര്‍ക്ക്, ചിക്കാഗോ, ഹ്യൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് എന്നിവയുള്‍പ്പെടെ 40 പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച മാത്രം അമേരിക്കന്‍ എയര്‍ലൈന്‍സ് ഏകദേശം 220 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഡെല്‍റ്റ ഏകദേശം 170 വിമാന സര്‍വീസുകളും, സൗത്ത് വെസ്റ്റില്‍ ഏകദേശം 100 വിമാന സര്‍വീസുകളും റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫ്‌ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ്അവെയറും ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ വൈകിയതായി റിപ്പോര്‍ട്ട് ചെയ്തു, ബോസ്റ്റണ്‍, ചിക്കാഗോ ഒ'ഹെയര്‍, അറ്റ്‌ലാന്റ, റീഗന്‍ നാഷണല്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഒരു മണിക്കൂറിലേറെ വൈകിയാണ് നടന്നത്. അതേസമയം വിമാന ടിക്കറ്റ് നിരക്കും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. നാല് ശതമാനത്തില്‍ നിന്ന് ആരംഭിച്ച വിമാന നിരക്കുകള്‍ അടുത്ത ആഴ്ചയോടെ 10 ശതമാനമായി ഉയരും. അന്താരാഷ്ട്ര വിമാന സര്‍വീസുകളെ പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.