ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്‌ന റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ ഇവര്‍ റിയല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതിയായി എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനില്‍ക്കുകയാണ് ജസ്‌ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്. ജസ്‌ന സലീമിനൊപ്പം ആര്‍ എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്‌ളാഗര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
നേരത്തെ, ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിന്‍ ജാഫര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാന്‍ അനുമതിയുമില്ല. അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. പരാതി പൊലീസ് കോടതിക്ക് കൈമാറി.