പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ രാമേശ്വരത്തെന്ന് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി വിയ്യൂര്‍ പൊലീസ് സംഘം തമിഴ്നാട്ടിലെത്തി. ക്യൂ ബ്രാഞ്ച് പൊലീസ് രാമേശ്വരത്ത് അന്വേഷണം നടത്തും. കഴിഞ്ഞ തവണ രക്ഷപ്പെട്ടപ്പോഴും ഇയാള്‍ രാമേശ്വരത്തായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.
ബാലമുരുകന്‍ വഴിയാത്രക്കാരന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി ഭാര്യയെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തെങ്കാശിയിലാണ് ബാലമുരുകന്റെ ഭാര്യ താമസിക്കുന്നത്. നിലവില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോണ്‍ നല്‍കിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യമായി ഭാര്യയെ വിളിക്കണം എന്ന് പറഞ്ഞായിരുന്നു ബാലമുരുകന്‍ വഴിയാത്രികന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 9.40നായിരുന്നു വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്നും തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ ബന്ദല്‍ക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ചാടിപ്പോയതില്‍ തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്ന കണ്ടെത്തലിലായിരുന്നു സസ്പെന്‍ഷന്‍ നല്‍കിയത്. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയെന്നായിരുന്നു കണ്ടെത്തല്‍. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. വിലങ്ങില്ലാതെ പ്രതിയുമായി തമിഴ്‌നാട് പൊലീസ് ആലത്തൂരിലെ ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതി രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പൊലീസിന്റെ വീഴ്ച തെളിയിക്കുന്നതായിരുന്നു ഈ സിസിടിവി ദൃശ്യങ്ങള്‍.