ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഒരാള്‍ മാത്രമെന്ന് നിഗമനം ; സ്‌ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം
ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഒരാള്‍ മാത്രമെന്ന് നിഗമനം. നേരത്തെ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രദേശത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാറില്‍ ഒരാള്‍ മാത്രമേ ഉള്ളുവെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇതില്‍ സ്ഥിരീകരണമുണ്ടായത്. കാര്‍ ഓടിച്ചിരുന്നത് ഫരീദാബാദില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമര്‍ മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്.
കാര്‍ പൊട്ടിത്തെറിച്ച സ്ഥലത്ത് സാധാരണഗതിയില്‍ ബോംബ് സ്ഫോടനത്തില്‍ സംഭവിക്കാറുള്ളതു പോലുള്ള വലിയ ഗര്‍ത്തങ്ങളോ പെല്ലറ്റുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ സ്ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. കാറിലെ പൊട്ടിത്തെറി സിഎന്‍ജി ടാങ്കില്‍ നിന്നല്ലെന്ന സ്ഥിരീകരണത്തിലെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് ആണെങ്കില്‍ ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇത് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധനയടക്കം നടത്താനാണ് നീക്കം.