ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ശേഷിക്കെ ആര്‍ജെഡി നേതാവിന്റെ നേപ്പാള്‍ മോഡല്‍ പ്രക്ഷോഭ പരാമര്‍ശത്തില്‍ വിവാദം. വോട്ടെണ്ണലില്‍ തിരിമറി നടത്തിയാല്‍ നേപ്പാള്‍ മോഡല്‍ പ്രക്ഷോഭം നടത്തുമെന്ന ആര്‍ജെഡി എംഎല്‍സി സുനില്‍കുമാര്‍ സിംഗിന്റെ പരാമര്‍ശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എന്‍ഡിഎ കക്ഷികള്‍ രംഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആര്‍ജെഡിയുടെ വിശദീകരണം.
'ആളുകള്‍ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ല്‍ തേജസ്വി യാദവിന്റെ സര്‍ക്കാര്‍ രൂപീകരിക്കും. 2020 ല്‍ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ നിര്‍ത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍, തെരുവുകളില്‍ നേപ്പാളിനു സമാനമായ ഒരു സാഹചര്യം നമുക്ക് കാണാന്‍ കഴിയും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല'' എന്നായിരുന്നു സുനില്‍കുമാര്‍ സിംഗിന്റെ പരാമര്‍ശം. ഇത് സോഷ്യല്‍ മീഡിയലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
പരാമര്‍ശം വിവാദമായതോടെ ആര്‍ജെഡി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ''അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പ്രകോപനപരമാണ്. അത് ക്രമസമാധാന നിലയെ പ്രതികൂലമായി ബാധിച്ചേക്കാം. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും,'' സൈബര്‍ സെല്‍ (പട്ന ജില്ല) ഡെപ്യൂട്ടി എസ്പി നിതീഷ് ചന്ദ്ര ധാരിയ പറഞ്ഞു.