ഒടുവില്‍ വൈകിവന്ന തിരിച്ചറിഞ്ഞ്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ സുപ്രധാന പ്രഖ്യാപനമായി മാറുമായിരുന്ന ഇന്‍കം ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള പദ്ധതി ഉപേക്ഷിച്ച് റേച്ചല്‍ റീവ്‌സ്. ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നതോടെ തങ്ങളുടെ സ്ഥാനമാനങ്ങള്‍ വരെ തെറിക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.
പ്രകടനപത്രികയില്‍ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് ലംഘിച്ച് ഖജനാവിലേക്ക് പണം കണ്ടെത്താമെന്ന വ്യാമോഹത്തിനാണ് തിരിച്ചടി കിട്ടിയത്. ഇതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ചാന്‍സലറും തമ്മില്‍ സംസാരിച്ച് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തന്റെ നേതൃപദവിക്ക് ഭീഷണി ഉയര്‍ത്തുന്നവരെ നേരിടുമെന്ന് വെല്ലുവിളിച്ച ശേഷം പ്രധാനമന്ത്രി അപകടം തിരിച്ചറിഞ്ഞു. വെസ് സ്ട്രീറ്റിംഗ് തനിക്ക് വെല്ലുവിളിയാകുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറി ഈ വാദം തള്ളി. ക്യാബിനറ്റ് തന്നെ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഇന്‍കം ടാക്‌സ് വര്‍ദ്ധന എതിരാളികള്‍ ആയുധമാക്കുമെന്ന് ഉറപ്പായിരുന്നു.
ഇതോടെ ചാന്‍സലര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരുത്തി ഓപസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിക്ക് അയച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഈ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകുമെന്ന് റീവ്‌സ് ബജറ്റ് നിരീക്ഷകരെ അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ആളുകള്‍ നികുതി നല്‍കുന്ന പരിധി വെച്ച് കളിക്കാനുള്ള നീക്കങ്ങളാകും റീവ്‌സ് നടത്തുക.