കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ് ; മത്സരിക്കാനാകില്ല

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ് ; മത്സരിക്കാനാകില്ല
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ്. ഇന്നലെ സ്പീഡ് പോസ്റ്റ് ആയി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് വീണ്ടും മേല്‍വിലാസത്തില്‍ തെറ്റ് സംഭവിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല.

TC 18/564 എന്ന കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന സത്യവാങ്മൂലം. ബന്ധുവായ സന്ദീപ് എന്ന വ്യക്തിയുടെ New TC 18/ 2365- Old TC 3/564 നമ്പരുള്ള കെട്ടിടത്തിലാണ് താമസം എന്ന് പുതിയ സത്യവാങ്മൂലം. എന്നാല്‍, K SMARTല്‍ നിന്നും ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കവേ New TC 18/ 2365- എന്ന നമ്പറിലെ കെട്ടിടത്തിന്റെ പഴയ നമ്പര്‍ TC 3/566 ആണ്.

വൈഷ്ണയുടെ വിശദീകരണം നല്‍കേണ്ട അവസാന തീയതി 13 ആയിരുന്നു. 14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്റെ സമയക്രമം. എന്നാല്‍ 15നാണ് സ്പീഡ് പോസ്റ്റ് മുഖേന വൈഷ്ണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. അതിലാണ് ഇപ്പോള്‍ പിഴവുണ്ടായിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി എന്ന പേരില്‍ കെഎസ്യു നേതാവ് വൈഷ്ണ സുരേഷിനെ മുട്ടട ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കി പ്രചാരണം ആരംഭിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഇത്. കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ചട്ടം. വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്ന് കാണിച്ച് സിപിഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടക്കത്തില്‍ തന്നെ ഉണ്ടായ അനുകൂല ട്രെന്‍ഡില്‍ സിപിഐഎമ്മിന് ഭയമുണ്ടാകാമെന്ന് വൈഷ്ണ സുരേഷ് പ്രതികരിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends