മക്കയില്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു; 40 മരണം, മരിച്ചത് ഹൈദരാബാദില്‍ നിന്നുള്ള സംഘം
മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍ പെട്ട് 40 മരണമെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്, ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഉംറ തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
അതേസമയം, ബസ്സില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനാല്‍ ബസ്സ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവില്‍ ഇന്ത്യന്‍ ഏജന്‍സികളും ഉംറ ഏജന്‍സികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.