കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് കൊടും ക്രൂരത. അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയും കൂലിപ്പണിക്കാരനുവുമായ മെഹ്രാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയും കാമുകനും സുഹൃത്തും പൊലീസിന്റെ പിടിയിലായി. മെഹ്രാജിന്റെ ഭാര്യ റൂഹി, കാമുകന്‍ ഫര്‍മാന്‍ ഇയാളുടെ സുഹൃത്ത് അദ്‌നാന്‍ എന്നവരാണ് പിടിയിലായത്. റൂഹി തന്റെ സഹോദരീ ഭര്‍ത്താവിന്റെ ബന്ധുവായ ഫര്‍മാനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
റൂഹിയും ഫര്‍മാനും തമ്മിലുള്ള അടുപ്പം മെഹ്രാജ് അറിഞ്ഞതോടെ എതിര്‍പ്പറിയിച്ചു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ റൂഹി പദ്ധതിയിട്ടു. തുടര്‍ന്ന് കാമുകനുമായി മെഹ്രാജിനെ കൊല്ലാന്‍ ഒരു പദ്ധതിയിട്ടു. റൂഹി സംഭവ ദിവസം രാത്രി ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഭര്‍ത്താവ് ബോധം കെട്ടുറങ്ങിയതോടെ റൂഹി കാമുകന്‍ ഫര്‍മാനെയും അയാളുടെ സുഹൃത്തായ അദ്നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മെഹ്രാജിന്റെ കാലുകള്‍ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം മൂര്‍ച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കുട്ടികളോടൊപ്പം മൃതദേഹത്തിനരികില്‍ രാത്രി കഴിച്ചുകൂട്ടിയെന്നും തുടര്‍ന്ന് മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മെഹ്രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് വരാന്തയിലെ കട്ടിലില്‍ മകന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടില്‍ മോഷണശ്രമം നടന്നെന്നും ആക്രമണം നേരിട്ടെന്നും ഇതിനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും റൂഹി പറഞ്ഞെങ്കിലും സംശയം തോന്നിയ മെഹ്രാജിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് റൂഹിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
റൂഹിയുടെ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന് തെളിവ് ലഭിച്ചു. ഇതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് റൂഹിയേയും കാമുകനേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അന്വേഷണത്തിഷ കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും കണ്ടെടുത്തു. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.