'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു ചര്‍ച്ചയ്ക്കും നില്‍ക്കരുത്'; ലബനനോട് പിന്മാറാന്‍ ആവശ്യപ്പെട്ട് ഹിസ്ബുള്ള

'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു ചര്‍ച്ചയ്ക്കും നില്‍ക്കരുത്'; ലബനനോട് പിന്മാറാന്‍ ആവശ്യപ്പെട്ട് ഹിസ്ബുള്ള
ഇസ്രയേലുമായുള്ള ചര്‍ച്ചയില്‍ നിന്നും ലബനന്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹിസ്ബുള്ള തലവന്‍ നയീം ഖാസിം. അതിക്രമിച്ച് കയറുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന ഇസ്രയേലുമായി ചര്‍ച്ചയ്ക്ക് തയ്യാറാകരുത് എന്നാണ് ഹിസ്ബുള്ള ആവശ്യപ്പെടുന്നത്. നിരര്‍ത്ഥകമായ ചര്‍ച്ചകളാണ് ഇവയെന്നും നയിം ഖാസിം ശക്തമായി പ്രതികരിച്ചു. ഇന്ന് (ഏപ്രില്‍ 14)ന് വാഷിങ്ടണില്‍ വെച്ചാണ് ഇസ്രയേലും ലബനനും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പിന്മാറണമെന്നാണ് ഹിസ്ബുള്ളയുടെ ആവശ്യം.

'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല. ഇപ്പോള്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നിന്നും പിന്മാറാന്‍ ലബനന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതാണ് ഇപ്പോള്‍ എടുക്കേണ്ട ചരിത്രപരവും ധീരവുമായ നിലപാട്. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് യാതൊരു ഉപകാരവുമില്ല. പകരം ലബനന്‍ മുഴുവന്‍ ഒന്നിച്ചുനില്‍ക്കാന്‍ തയ്യാറാകണം. ഇസ്രയേലിന് മുന്‍പില്‍ ഞങ്ങള്‍ ഒരിക്കലും അടിയറവ് പറയില്ല. അവസാന ശ്വാസം വരെ പോരാടും. ഇസ്രയേല്‍ സേന ലെബനനില്‍ പ്രവേശിച്ചാല്‍ അത് ഇസ്രയേല്‍ പൗരന്മാരുടെ സുരക്ഷയെ തന്നെയാകും ബാധിക്കുക എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്.

യുദ്ധം ആരംഭിച്ച ഘട്ടത്തില്‍ ഹിസ്ബുള്ള നടത്തിയ മിലിട്ടറി ആക്ഷനുകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ലബനന്‍ സര്‍ക്കാരിന്റെ നടപടി പിന്നില്‍ നിന്നും കുത്തുന്നതായിരുന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കാനും തകര്‍ക്കാനുമായി ലബനന്‍ സൈന്യത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പറയുന്നുണ്ട്. എന്നാല്‍ സൈന്യത്തിന് അങ്ങനെയൊരു നടപടി സ്വീകരിക്കാന്‍ കഴിയില്ല,' നയിം ഖാസിം പറഞ്ഞു. ഇസ്രയേലുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യമുയര്‍ത്തി ഹിസ്ബുള്ളയെ പിന്തുണക്കുന്നവരുടെ വലിയ പ്രകടനം കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്‌റൂട്ടില്‍ നടന്നിരുന്നു.

Other News in this category



4malayalees Recommends