നിതിന്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും, ടീച്ചറിനെ വായ്പാസംഘം വിളിച്ചതും മാനസിക വിഷമം ഉണ്ടാക്കി

നിതിന്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും, ടീച്ചറിനെ വായ്പാസംഘം വിളിച്ചതും മാനസിക വിഷമം ഉണ്ടാക്കി
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് പിന്നില്‍ ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. അധ്യാപികയായ ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു. 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്.

ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം പറഞ്ഞു. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. പൊലിസില്‍ പരാതി നല്‍കാന്‍ ഫോണ്‍ മേശപ്പുറത്ത് വെച്ചുപോകാന്‍ പ്രിന്‍സിപ്പല്‍ നിതിനോട് ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു.

നിതിന്റെ ഫോണിലുള്ളത് ഏതാനും നമ്പറുകള്‍ മാത്രമാണ്. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ വ്യക്തമായി. ഇന്‍സ്റ്റ?ഗ്രാം ആപ്പ് വഴിയാണ് നിതിന്‍ ലോണ്‍ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. ഏപ്രില്‍ 6ന് 1000രൂപ തിരിച്ചടച്ചു. 13,500 രൂപയാണ് നിതിന് വായ്പക്കാര്‍ നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ 18,000 തിരച്ചടക്കണമെന്നായിരുന്നു വായ്പകാരുടെ ആവശ്യം.

Other News in this category



4malayalees Recommends