മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റല്‍ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നല്‍കുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴില്‍ വകുപ്പ് വഴിയും നാം ഉയര്‍ത്തിപ്പിടിക്കുന്ന സൈബര്‍ സുരക്ഷാ അവബോധത്തിന് വലിയ കരുത്താണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം 'പേട്രിയറ്റ്' കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെയും ഡിജിറ്റല്‍ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാല്‍ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലോകത്തെ എത്തിക്കുമ്പോള്‍, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നല്‍കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റല്‍ മാഫിയകള്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനല്‍ ശൃംഖലകളെ തുറന്നുകാട്ടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴില്‍ വകുപ്പ് വഴിയും നാം ഉയര്‍ത്തിപ്പിടിക്കുന്ന സൈബര്‍ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാര്‍ത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാന്‍വാസില്‍, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുന്‍കൈയ്യില്‍ രൂപപ്പെട്ട ഒരു മഹേഷ് നാരായണ്‍ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ള സിനിമയാണിത്. സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍ നേരുന്നു.