ചിറ്റൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം അപരന്‍ പിടിച്ച വോട്ടുകള്‍

ചിറ്റൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം അപരന്‍ പിടിച്ച വോട്ടുകള്‍
പാലക്കാട് ചിറ്റൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം അപരന്‍ പിടിച്ച വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കോണ്‍ഗ്രസിലെ സുമേഷ് അച്യുതന്‍ 6510 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സോഷ്യലിസ്റ്റ് ജനതാദളിലെ വി. മുരുകദാസിനെ പരാജപ്പെടുത്തിയത്. മുരുകദാസ് പി.എസ് എന്നയാള്‍ 6984 വോട്ട് പിടിച്ചു.

മണ്ഡലത്തില്‍ സുമേഷിനും അപരന്മാരുണ്ടായിരുന്നെങ്കിലും ചിഹ്നത്തിലും സാമ്യമുണ്ടായതാണ് മുരുകദാസിനെ തോല്‍പിച്ചത്.

സുമേഷ് അച്യുതന്‍ നേടിയത് 65325 വോട്ടാണ്. മോതിരം ചിഹ്നത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. മുരുകദാസ് 58815 വോട്ട് നേടി. 6984 വോട്ട് നേടിയ പി.എസ് മുരുകദാസിന്റെ ചിഹ്നം മാലയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ 'മോതിരവും' അപരന്റെ ചിഹ്നമായ 'മാലയും' തമ്മിലുള്ള സാമ്യം അതിര്‍ത്തി മണ്ഡലത്തിലെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് വിലയിരുത്തല്‍.

അപരന്മാരുടെ വോട്ടില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ ആദ്യമായല്ല തോല്‍ക്കുന്നത്.

2016 ല്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 89 വോട്ടിന് തോല്‍ക്കുമ്പോള്‍ അപരനായ കെ. സുന്ദര 467 വോട്ട് പിടിച്ചു. 2006 ല്‍ കുന്നംകുളത്ത് സി.പി. ജോണ്‍ പരാജയപ്പെടുന്നത് 481 വോട്ടിന്, അപരന്‍ പിടിച്ചത് 860 വോട്ട്. 2009 തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസിനെതിരെ മോതിരം ചിഹ്നത്തില്‍ മത്സരിച്ച അപരന്‍ കെ. റിയാസ് മുഹമ്മദ് 1,026 വോട്ട് നേടി. പി.എ. മുഹമ്മദ് റിയാസ് ഇവിടെ തോറ്റത് 838 വോട്ടിനായിരുന്നു.

കോണ്‍ഗ്രസിലെ വി.എം സുധീരനെ 2004 ല്‍ ആലപ്പുഴയില്‍ വീഴ്ത്തിയതില്‍ അപരനും ചിഹ്നത്തിനും പങ്കുണ്ട്. വി.എം. സുധീരനെതിരെ വി.എസ് സുധീരനെന്ന പേരില്‍ മത്സരിച്ച അപരന്‍ ചിഹ്നം ഷട്ടില്‍ ചിഹ്നത്തില്‍ 8,282 വോട്ടു പിടിച്ചു. വി.എം സുധീരന്‍ തോറ്റത് 1009 വോട്ടിന്.

Other News in this category



4malayalees Recommends