കോളേജില്‍ എന്റെ ജൂനിയര്‍, നല്ല സുഹൃത്തും സഹോദരനും, സന്തോഷിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍; മോഹന്‍ലാല്‍

കോളേജില്‍ എന്റെ ജൂനിയര്‍, നല്ല സുഹൃത്തും സഹോദരനും, സന്തോഷിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍; മോഹന്‍ലാല്‍
അന്തരിച്ച നടന്‍ സന്തോഷ് നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. സന്തോഷ് കോളേജില്‍ തന്റെ ജൂനിയര്‍ ആയിരുന്നു എന്നും ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു എന്നും മോഹന്‍ലാല്‍ കുറിച്ചു. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.

'ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍', മോഹന്‍ലാലിന്റെ വാക്കുകള്‍.

Other News in this category



4malayalees Recommends