23 വര്‍ഷത്തെ വിവാഹ മോചനക്കേസ് ; ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം

23 വര്‍ഷത്തെ വിവാഹ മോചനക്കേസ് ; ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട വിവാഹ മോചന കേസില്‍ ഒടുവില്‍ ഇന്ത്യക്കാരിക്ക് 85 കോടി രൂപയോളം നഷ്ടപരിഹാരം. ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹ്ലിയാണ് യുകെയിലെ തന്നെ ശ്രദ്ധേയമായ വിവാഹ മോചന കേസുകളില്‍ ഒടുവില്‍ ജയിച്ചത്. 2002 ലാണ് പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഭദ്രേഷ് ഗോഹ്ലിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് വര്‍ഷ കോടതിയെ സമീപിച്ചത്. മൂന്നു മക്കളാണ് ഇഴര്‍ക്കുണ്ടായിരുന്നത്. കേസ് ഏകദേശം മൂന്നരക്കോടിയോളം രൂപ നല്‍കി ഭദ്രോഷ് ഒത്തുതീര്‍പ്പാക്കി. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും വര്‍ഷയ്ക്ക് നല്‍കി.

എന്നാല്‍ തന്റെ ഭര്‍ത്താവ് ഗുരുതര ക്രമക്കേട് കാട്ടിയെന്നും ആസ്തി സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന് വര്‍ഷ കണ്ടെത്തി. മതിയായ തെളിവുകള്‍ പിന്നീടാണ് ലഭിച്ചത്. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ 2011 ല്‍ ഭദ്രോഷ് ഉള്‍പ്പെടുകയും കോടതി 10 വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെയാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന 28 ദശലക്ഷം പൗണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മരവിപ്പിച്ചതും വര്‍ഷ വീണ്ടും കോടതിയെ സമീപിച്ചതും.

2015 ല്‍ കേസ് സുപ്രീം കോടതിയിലെത്തി. മറച്ചുവച്ച സ്വത്തില്‍ നിന്നും അര്‍ഹതപ്പെട്ടത് മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ കണ്ടെത്തിയ സ്വത്ത് മുഴുവന്‍ തന്റെതല്ലെന്നായിരുന്നു ഭദ്രേഷിന്റെ വാദം. എന്നാല്‍ ഭദ്രേഷിന്റെ നടപടികള്‍ ഒട്ടും സുതാര്യമല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ കോടതി 6.6 ദശലക്ഷം പൗണ്ട് വര്‍ഷയ്ക്ക് നല്‍കാന്‍ ഉത്തരവിടുകയും കേസ് അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

Other News in this category



4malayalees Recommends