അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കറുത്ത ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള ഒരു ഭീമന്‍ പരസ്യബോര്‍ഡ് മധ്യ ടെഹ്റാനില്‍ പ്രത്യക്ഷപ്പെട്ടു. യുഎസും ഇറാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, പേര്‍ഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും 'ഞങ്ങള്‍ ട്രംപിനെ കൊലപ്പെടുത്തും' എന്ന ഭയപ്പെടുത്തുന്ന സന്ദേശവും ഇതിലുണ്ട്.
ടെഹ്റാനിലെ പ്രശസ്തമായ എംഗേലാബ് സ്‌ക്വയറിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. കണ്ണുകളും വായും അടച്ച്, കൈകള്‍ ചുവന്ന ടൈക്ക് മുകളിലായി നെഞ്ചോട് ചേര്‍ത്ത്, പാദങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച നിലയിലാണ് ഇതില്‍ ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ശവസംസ്‌കാര ചടങ്ങിനെ സൂചിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രീകരണം. ഇറാന്റെ മുന്‍ പരമോന്നത നേതാവ് അലി ഖമനയിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ സാധാരണയായി ഉപയോഗിക്കാറുള്ള കറുത്ത കോണ്‍ക്രീറ്റ് നിര്‍മിതി ഒരു ശവപ്പെട്ടിയുടെ ആകൃതിയില്‍ ക്രമീകരിച്ചാണ് ട്രംപിനെ ഇതിനുള്ളില്‍ കിടത്തിയിരിക്കുന്നത്.
ഈ ബോര്‍ഡില്‍ 'മിനാബിലെ കുട്ടികളുടെ ഓര്‍മ്മയ്ക്കായി' എന്നും എഴുതിയിട്ടുണ്ട്. നിലവിലുള്ള സംഘര്‍ഷത്തിനിടയില്‍ ഫെബ്രുവരി 28-ന് ആക്രമിക്കപ്പെട്ട ദക്ഷിണ ഇറാനിലെ മിനാബ് നഗരത്തിലെ ഒരു പ്രൈമറി സ്‌കൂളിനെ സൂചിപ്പിച്ചാണ് ഈ വരികള്‍ ചേര്‍ത്തിരിക്കുന്നത്.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായ സമയത്താണ് ഈ പരസ്യബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വടക്കന്‍ മേഖലയിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടും, ഇറാന്റെ മേലുള്ള കപ്പല്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കപ്പലിനെ ലക്ഷ്യമിട്ടുകൊണ്ടും യുഎസ് തങ്ങളുടെ സൈനിക നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ പുതിയ ഗൂഢാലോചന നടത്തുന്നതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം വാഷിംഗ്ടണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് പ്രകാരം, ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി കാണിക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇസ്രായേല്‍ അമേരിക്കയുമായി പങ്കുവെച്ചിട്ടുണ്ട്.