വെസ്റ്റ് ലണ്ടനിലെ ഹെയ്സില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ യുവതിയായ കിരണ്‍ദീപ് കൗര്‍ (24) വീട്ടില്‍ കയറിയ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍, മൃതദേഹം ഇന്ത്യയിലെ സ്വദേശമായ പഞ്ചാബിലേക്ക് എത്തിക്കാനും കുടുംബത്തിന് നീതി ലഭിക്കാനും സഹായം അഭ്യര്‍ഥിച്ച് ബന്ധുക്കളും ഇന്ത്യന്‍ സമൂഹവും രംഗത്തെത്തി.ജൂലൈ 12-ന് പുലര്‍ച്ചെയാണ് ഭര്‍ത്താവിനും നാല് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കിരണ്‍ദീപിനെ അക്രമി വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത്. കുഞ്ഞും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്ന സമയത്താണ് ദാരുണ സംഭവം നടന്നത്.
പഞ്ചാബിലെ തരണ്‍ താരണ്‍ സ്വദേശിനിയായ കിരണ്‍ദീപ് 2024 സെപ്റ്റംബറിലാണ് യുകെയിലെത്തിയത്. ബക്കിങ്ഹാംഷയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു ഗ്രോസറി സ്റ്റോറില്‍ ജോലി ചെയ്തുവരികയായിരുന്നു. യുകെയില്‍വെച്ചാണ് വിവാഹിതയായതും തുടര്‍ന്ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഹെയ്സില്‍ താമസം ആരംഭിച്ചതും.
സംഭവത്തില്‍ 46-കാരനായ ഡാനിയല്‍ ഷോണ്‍ ജെയിംസിനെ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ വിവരമനുസരിച്ച്, പ്രതി ആദ്യം മറ്റൊരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കിരണ്‍ദീപിന്റെ വീട്ടിലെത്തി മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞ നിലയില്‍ ഇയാളെ പൊലീസ് പിടികൂടി.
കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കിരണ്‍ദീപിന് പ്രതിയുമായി മുന്‍പരിചയമില്ലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
സംഭവം യുകെയിലെ ഇന്ത്യന്‍ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. കിരണ്‍ദീപിന്റെ മൃതദേഹം ഇന്ത്യയിലെ കുടുംബത്തിന് കൈമാറുന്നതിനും നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണത്തിനും ചികിത്സാ ചെലവുകള്‍ക്കുമായി ലണ്ടനിലെ ശ്രീ ഗുരു സിങ് സഭ സൗത്താള്‍ ഗുരുദ്വാരയുടെ നേതൃത്വത്തില്‍ ഗോ ഫണ്ട്മി വഴിയുള്ള ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ ഇന്ത്യന്‍ സമൂഹം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.