എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മിഡ് വൈഫുമാര്‍ വ്യാപകമായി ജോലി ഉപേക്ഷിക്കുന്നു; പ്രസവ ശേഷമുള്ള സേവനങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മിഡ് വൈഫുമാര്‍ വ്യാപകമായി ജോലി ഉപേക്ഷിക്കുന്നു; പ്രസവ ശേഷമുള്ള സേവനങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മിഡ്വൈഫുമാര്‍ 35 വയസ്സിന് മുമ്പേ ജോലി രാജിവയ്ക്കുന്നതായി കണക്കുകള്‍. അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സ്ത്രീകളുടെ പ്രസവ ശേഷമുള്ള സേവനങ്ങളെ ഇതു ബാധിക്കുമെന്നാണ് ആരോഗ്യ മേഖല വ്യക്തമാക്കുന്നത്.

2025-26 കാലയളവില്‍ ഇംഗ്ലണ്ടില്‍ 34 വയസോ അതില്‍ താഴെയോ പ്രായമുള്ള 1,669 മിഡ്വൈഫുമാര്‍ എന്‍എച്ച്എസ് വിട്ടു. ആ വര്‍ഷം രാജിവെച്ച ആകെ 2,949 മിഡ്വൈഫുമാരില്‍ 57 ശതമാനവും ഈ പ്രായവിഭാഗത്തില്‍പ്പെട്ടവരാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജിവെച്ചവരില്‍ 205 പേര്‍ 25 വയസിന് താഴെയുള്ളവരും, 655 പേര്‍ 25-29 വയസ് പ്രായക്കാരും, 809 പേര്‍ 30-34 വയസ് പ്രായക്കാരുമാണ്. 2014-15ല്‍ 35 വയസിന് താഴെ പ്രായമുള്ള 1,051 മിഡ്വൈഫുമാര്‍ രാജിവെച്ചിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍, ഇപ്പോഴത്തെ കണക്ക് 59 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു.

മിഡ്വൈഫാകാനുള്ള പഠനത്തിനിടയിലും വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ പിന്മാറുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ 3,565 വിദ്യാര്‍ത്ഥികള്‍ മിഡ്വൈഫറി ബിരുദ കോഴ്സില്‍ ചേര്‍ന്നെങ്കിലും, 2024ല്‍ 2,725 പേര്‍ മാത്രമാണ് പഠനം പൂര്‍ത്തിയാക്കിയത്. അതായത് 840 പേര്‍ (24%) കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പഠനം ഉപേക്ഷിച്ചു.

അതിനിടെ യുകെയിലെ പ്രസവപരിചരണ മേഖലയില്‍ കടുത്ത ജീവനക്കാരുടെ ക്ഷാമമാണുള്ളതെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈവ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെ നടത്തിയ സര്‍വേയില്‍ മൂന്നില്‍ മൂന്ന് ഭാഗത്തോളം (75%) മിഡ്വൈഫുമാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലി വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആവശ്യത്തിന് ജീവനക്കാരില്ലായ്മ എന്‍എച്ച്എസിന് കടുത്ത തിരിച്ചടിയാകും.

Other News in this category



4malayalees Recommends