ജോണ്‍ ഹീലി ചാന്‍സലര്‍, മിലിബാന്‍ഡ് വിദേശകാര്യ സെക്രട്ടറി , യെവെറ്റ് കൂപ്പറിന് ആരോഗ്യമന്ത്രി സ്ഥാനം ; കാബിനറ്റില്‍ അഴിച്ചുപണിയുമായി ബേണ്‍ഹാം

ജോണ്‍ ഹീലി ചാന്‍സലര്‍, മിലിബാന്‍ഡ് വിദേശകാര്യ സെക്രട്ടറി , യെവെറ്റ് കൂപ്പറിന് ആരോഗ്യമന്ത്രി സ്ഥാനം ; കാബിനറ്റില്‍ അഴിച്ചുപണിയുമായി ബേണ്‍ഹാം
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആന്‍ഡി ബേണ്‍ഹാം തന്റെ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി പ്രഖ്യാപിച്ചു. മുന്‍ പ്രതിരോധ മന്ത്രി ജോണ്‍ ഹീലിയെ ചാന്‍സലറും എഡ് മിലിബാന്‍ഡിനെ വിദേശകാര്യ സെക്രട്ടറിയുമായി നിയമിച്ചതാണ് ശ്രദ്ധേയമായത്. മുന്‍ പ്രധാനമന്ത്രി കീര്‍ സ്്റ്റാര്‍മറുടെ മന്ത്രിസഭയിലെ പല പ്രമുഖരേയും മാറ്റിനിര്‍ത്തിയാണ് ബേണ്‍ഹാം പുതിയ ടീം പ്രഖ്യാപിച്ചത്.

മുന്‍ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിനെ ആരോഗ്യ സാമൂഹിക പരിപാലന മന്ത്രിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് സ്ഥാനത്തു തുടരുമെന്നും തൊഴില്‍ പെന്‍ഷന്‍ വകുപ്പ് മന്ത്രി പാറ്റ് മക്ഫാഡനും ചുമതല നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചു. ലൂയിസ് ഹേഗിന് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി നല്‍കി. ആഞ്ചല റെയ്‌നര്‍ വീണ്ടും ഭവന കാര്യ മന്ത്രിയായും ലൂസി പവല്‍ വിദ്യാഭ്യാസ മന്ത്രിയായും മന്ത്രിസഭയുടെ ഭാഗമായി.

അതിനിടെ മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്, മുന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പീറ്റര്‍ കൈല്‍, ലിസ് കെന്‍ഡല്‍ എന്നിവരുള്‍പ്പെടെ സ്റ്റാര്‍മറുടെ അടുത്ത അനുയായികളായ നിരവധി പേര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായി. ബേണ്‍ഹാം അധികാരമേറ്റ ഉടന്‍ തന്നെ പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വരുത്താനും സ്വന്തം രാഷ്ട്രീയ മുദ്ര പതിപ്പിക്കാനുമാണ് ഈ പുന സംഘടനയിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സമ്പദ് വ്യവസ്ഥ, സാമൂഹിക പരിപാലനം, പ്രാദേശിക വികസനം, പൊതു സേവന പരിഷ്‌കാരം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന സന്ദേശമാണ് പുതിയ മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ ആന്‍ഡി ബേണ്‍ഹാം നല്‍കുന്നത്.

Other News in this category



4malayalees Recommends