ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം, മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക പരിചരണ സംവിധാനം പരിഷ്‌കരിക്കുന്നതിനായി പാരമ്പര്യ സ്വത്തിന്മേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുന്ന ആശയം വീണ്ടും പരിഗണിക്കാമെന്ന സൂചന നല്‍കി. അധികാരമേറ്റ മണിക്കൂറുകള്‍ക്കുള്ളിലാണ് ബേണ്‍ഹാമിന്റെ ഈ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ഡൗണിംഗ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബേണ്‍ഹാം, രാജ്യത്തെ സാമൂഹിക പരിചരണ സംവിധാനം 'തകര്‍ന്ന നിലയിലാണെന്നും' അത് പരിഹരിക്കാന്‍ രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നാലും തയ്യാറാണെന്നും പറഞ്ഞു.
2010-ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ അവതരിപ്പിച്ച പദ്ധതിയെ അദ്ദേഹം പരാമര്‍ശിച്ചു. അന്ന്, ഏകദേശം 3.6 ബില്യണ്‍ പൗണ്ടിന്റെ ദേശീയ സാമൂഹിക പരിചരണ സേവനം ആരംഭിക്കാന്‍ പാരമ്പര്യ സ്വത്തിന്മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവച്ചത്. അന്നത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ പദ്ധതിയെ 'ഡെത്ത് ടാക്‌സ്' എന്ന് വിശേഷിപ്പിച്ച് ശക്തമായി എതിര്‍ത്തിരുന്നു.
ഈ വിഷയത്തില്‍ എന്റെ രാഷ്ട്രീയ മൂലധനത്തിന്റെ ഒരു ഭാഗം ചെലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ വര്‍ഷങ്ങളായി ചെയ്തതുപോലെ ഒന്നും ചെയ്യാതെ പദവി വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എത്രപേര്‍ക്കാണ് വീടുകളും സമ്പാദ്യങ്ങളും നഷ്ടമായത്. ഈ പ്രശ്‌നത്തെ നേരിട്ട് പരിഹരിക്കേണ്ട സമയമാണിത്.'ബേണ്‍ഹാം വ്യക്തമാക്കി.
ബ്രിട്ടനില്‍ എന്‍.എച്ച്.എസ് ചികിത്സ സൗജന്യമായിരുന്നാലും, സാമൂഹിക പരിചരണ സേവനങ്ങള്‍ സൗജന്യമല്ല. 23,250 പൗണ്ടില്‍ കൂടുതല്‍ സമ്പാദ്യമുള്ളവര്‍ക്ക് പ്രാദേശിക കൗണ്‍സിലുകളുടെ സാമ്പത്തിക സഹായത്തിന് സാധാരണയായി അര്‍ഹതയില്ല. അതിനാല്‍ പലര്‍ക്കും പരിചരണച്ചെലവ് വഹിക്കാന്‍ സ്വന്തം വീട് വരെ വില്‍ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
സ്വന്തം പിതാവ് റോയ് ബേണ്‍ഹാം അല്‍ഷൈമേഴ്സ് രോഗത്തിന്റെ ഗുരുതര ഘട്ടത്തിലാണെന്നും, താന്‍ പ്രധാനമന്ത്രിയായ വിവരം പോലും അദ്ദേഹത്തിന് തിരിച്ചറിയാനാകാത്ത അവസ്ഥയാണെന്നും ബേണ്‍ഹാം വികാരാധീനനായി പറഞ്ഞു. ഈ വ്യക്തിപരമായ അനുഭവവും സാമൂഹിക പരിചരണ മേഖലയില്‍ അടിയന്തര പരിഷ്‌കരണം അനിവാര്യമാണെന്ന തന്റെ നിലപാടിനെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.