മൂവായിരത്തോളം അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കടല്‍ നീന്തിക്കടന്ന് സ്‌പെയിനിലേക്ക് ; തടയാനാകാതെ ഉദ്യോഗസ്ഥര്‍ ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം

മൂവായിരത്തോളം അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കടല്‍ നീന്തിക്കടന്ന് സ്‌പെയിനിലേക്ക് ; തടയാനാകാതെ ഉദ്യോഗസ്ഥര്‍ ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം
സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് മൊറോക്കന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ നീന്തിക്കടന്നെത്തി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മേഖലയില്‍ വന്‍ സുരക്ഷാ ആശങ്കയും രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തു. അതിര്‍ത്തി വേലികള്‍ മറികടന്ന് മൂവായിരത്തോളം ആളുകളാണ് ഒറ്റ ദിവസം കൊണ്ട് സെവൂത്തയിലെ താരജാല്‍ മേഖലയിലേക്ക് ഇരച്ചുകയറിയത്. ഇതോടെ നഗരത്തിലെ സിവില്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരും ബോര്‍ഡര്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും ഭയന്നു. അതിര്‍ത്തി കടന്നെത്തിയവരെ തടയാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും വന്‍ പ്രതിസന്ധിയിലാണെന്നും സെവൂത്ത പ്രസിഡന്റ് ഹുവാന്‍ ഹെസൂസ് വിവസ് വ്യക്തമാക്കി. നിലവിലെ സാഹചര്യം നേരിടാന്‍ സ്പാനിഷ് സര്‍ക്കാര്‍ രാജ്യത്ത് 'ദേശീയ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കണമെന്നും നഗരത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രം നേരിട്ട് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിദിനം ശരാശരി മുന്നൂറോളം ആളുകള്‍ കടല്‍മാര്‍ഗ്ഗം എത്തുന്ന സാഹചര്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നിലനിന്നിരുന്നു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ഭരണകൂടങ്ങളുമായും മൊറോക്കന്‍ അധികൃതരുമായും ചേര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആവശ്യമായ മുഴുവന്‍ വിഭവങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മനുഷ്യക്കടത്ത് സംഘങ്ങളും അനധികൃത റാക്കറ്റുകളുമാണ് ഈ കൂട്ട കുടിയേറ്റത്തിന് പിന്നിലെന്ന് മാഡ്രിഡിലെ മൊറോക്കന്‍ എംബസി പ്രതികരിച്ചു. ഇത്തരം അനധികൃത നീക്കങ്ങളെ ഭരണകൂടം പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

അഭയാര്‍ത്ഥികളെ എത്രയും വേഗം തിരിച്ചയക്കാന്‍ സ്‌പെയിനും മൊറോക്കോയും തമ്മില്‍ പ്രാഥമിക ധാരണയിലെത്തി.

Other News in this category



4malayalees Recommends